മുള്ളുമലയിൽ 24കാരൻ ആദിവാസി ഉൗരുമൂപ്പൻ
text_fieldsപത്തനാപുരം: മുള്ളുമല ആദിവാസി ഉൗരിന് അധിപനായി ഇരുപത്തിനാലുകാരൻ. പിറവന്തൂർ പഞ്ചായത്തിലെ മുള്ളുമല ഗിരിജൻ ആദിവാസി കോളനിയിൽ ഷൈജുവിലാസത്തിൽ സത്യൻ ഷൈലജ ദമ്പതികളുടെ മകനായ സജു (24) വിനെയാണ് ഉൗരുകൂട്ടം മൂപ്പനാക്കിയത്. ആദിവാസി ഉൗരുകളിലെ ഏറ്റവും പ്രായം കുറഞ്ഞ മൂപ്പനാണ് സജു. വിദ്യാഭ്യാസ യോഗ്യതയും ഉൗരിലെ സജീവപങ്കാളിത്തവുമാണ് മൂപ്പൻ സ്ഥാനത്തേക്ക് സജുവിനെ പരിഗണിക്കാനിടയാക്കിയത്.
കഴിഞ്ഞ അഞ്ച് വർഷമായി ഊരിൽ മൂപ്പൻ ഉണ്ടായിരുന്നില്ല. കുഞ്ഞപ്പൻ എന്നയാളാണ് ഒടുവിൽ മൂപ്പനായത്. അദ്ദേഹത്തിെൻറ മരണശേഷം സുകു എന്നയാൾക്കായിരുന്നു താൽക്കാലിക ചുമതല. രണ്ടു വർഷം മുമ്പ് സുകുവിന് ഫോറസ്റ്റ് വാച്ചറായി നിയമനം കിട്ടിയതോടെ ഊര് അനാഥമായി.
കഴിഞ്ഞ ദിവസം മുള്ളുമലയിൽ ചേർന്ന ഊരുക്കൂട്ടമാണ് സജുവിനെ മൂപ്പനായി തെരഞ്ഞെടുത്തത്. മൂപ്പൻ സ്ഥാനത്തേക്ക് ഊരിലെ മുതിർന്നവർ പേര് നിർദേശിക്കും. ബാക്കിയുള്ളവർ കൈയുയർത്തി പിന്തുണ അറിയിക്കും. ഏറ്റവും കൂടുതൽ ആളുകൾ ആരെയാണോ പിന്തുണക്കുന്നത് അവരാണ് മൂപ്പനായി അധികാരത്തിലെത്തുക. തെരഞ്ഞെടുക്കപ്പെട്ടാൽ മരണം വരെ മൂപ്പനായി തുടരാം. മുള്ളുമല, വളയം തുടങ്ങിയ ഊരുകളിലായി 82 കുടുംബങ്ങളുടെ അധിപനാണിപ്പോൾ സജു.ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ സജുവിന് മുമ്പ് പട്ടാളത്തിലെ ജോലി നഷ്ടപ്പെട്ടിരുന്നു. ശാരീരിക പരീക്ഷയും എഴുത്തുപരീക്ഷയും വിജയിച്ചിരുന്നെങ്കിലും സെലക്ഷൻ മെമ്മോ ലഭിക്കാനുണ്ടായ കാലതാമസം മൂലം ജോലി നഷ്ടപ്പെടുകയായിരുന്നു. ഇപ്പോൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം കാടുകയറി വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുകയാണ്. സുജിതയാണ് സജുവിെൻറ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.