അട്ടപ്പാടിയിൽ അവധി ദിനത്തിൽ പൊലീസ് ഭീഷണിയിൽ ആദിവാസി ഭൂമി കൈയേറ്റം - VIDEO
text_fieldsകോഴിക്കോട്: അട്ടപ്പാടി ചീരക്കടവ് ഊരിൽ പൊലീസ് ഭീഷണിപ്പെടുത്തി വീണ്ടും ആദിവാസി ഭൂമി കൈയേറ്റം. കഴിഞ്ഞ വർഷം ആഗസ്റ്റ് 15നും ഇതേ ഭൂമി കൈയേറാൻ പൊലീസ് എത്തിയിരുന്നു. ആദിവാസികളെ പൊലീസ് ഭീഷണിപ്പെടുത്തിയാണ് കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നത്. അവധി ദിവസമാണ് സ്ഥിരമായി കൈയേറ്റം നടത്തുന്നത്. നേരത്തെ കൈയേറ്റം 'മാധ്യമം ഓൺലൈൻ' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഐ.ടി.ഡി.പി ഓഫിസർ, തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു.
ആദിവാസികളുടെ കൈയിലുള്ള രേഖകൾ പരിശോധിച്ചശേഷം അട്ടപ്പാടി തഹസിൽദാർ വഴി ഒറ്റപ്പാലം ആർ.ഡി.ഒക്ക് പരാതി നൽകാനാണ് നിർദേശം നൽകിയത്. അതുപ്രകാരം ഭൂമിയുടെ അവകാശികളായ മണിയമ്മയും നഞ്ചിയും തഹസിർദാർക്ക് വെള്ളിയാഴ്ച പരാതി നൽകി..
ഹൈകോടതിയിൽനിന്ന് 751/1 നമ്പരിലെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഉത്തരവ് ലഭിച്ചിരുന്നു. അത് നിലവിൽ ആദിവാസികൾ നികുതി അടക്കുന്ന ഭൂമിയാണ്. അതിനാൽ 750/1 എന്ന സർവേ നമ്പരിലെ ഭൂമിയിൽ കൈയേറ്റം നടത്താനെത്തി. ഇക്കാര്യം വില്ലേജ് ഓഫിസർ മാധ്യമം ഓൺലൈനോട് സമ്മതിച്ചിരുന്നു.
കൈയേറ്റം തടയുന്ന എല്ലാ ആദിവാസികളുടെയും പേരിൽ കേസ് എടുക്കുമെന്നാണ് പൊലീസ് ഭീഷണി. ആദിവാസികളുടെ കൈയിലുള്ള രേഖ കൊണ്ടുവരാനാണ് പൊലീസ് ഭീഷണിപ്പെടുത്തുന്നത്. വില്ലേജ് ഓഫിസറും തഹസിൽദാരും സ്ഥലം സന്ദർശിച്ചപ്പോൾ വില്ലേജ് ഓഫിസർ സെറ്റിൽമെന്‍റ് രജിസ്റ്റർ പ്രകാരം ആദിവാസി ഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഒഴിവ് ദിവസം നോക്കി കൈയേറ്റം നടത്തുന്നതെന്ന് ആദിവാസികൾ പറയുന്നു.
പാടവയൽ വില്ലേജിൽ 750/1 എന്ന സർവേ നമ്പരിലെ ഭൂമി വില്ലേജ് രേഖകൾ പ്രകാരം മുത്തച്ഛനായ ഗാത്ത മൂപ്പന്റേതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മുത്തച്ഛൻ ഗാത്തമൂപ്പനും അമ്മ നഞ്ചിയും നേരത്തെ മരണപ്പെട്ടു. ഗാത്തമൂപ്പനോ അദ്ദേഹത്തിന്റെ അവകാശികളോ ഈ ഭൂമി ആർക്കും വിറ്റിട്ടില്ല. ചീരക്കടവിൽ താമസിക്കുന്ന രാമചന്ദ്രനാണ് വ്യാജ രേഖയുണ്ടാക്കി ഭൂമി കൈയേറ്റത്തിന് ശ്രമം നടത്തിയത്. രാമചന്ദ്രൻ ഹാജരാക്കുന്ന രേഖകൾ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
2015ൽ രാമചന്ദ്രൻ ഈ ഭൂമി കൈയേറാൻ ശ്രമിച്ചപ്പോൾ ആർ.ഡി.ഒക്ക് പരാതി സമർപ്പിക്കുന്നു. അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതിനാൽ വീണ്ടും 2021 ഒക്ടോബർ ഒന്നിന് ഒറ്റപ്പാലം ഓഫിസിൽ നേരിട്ട് ഹാജരായി പരാതി സമർപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് പൊലീസ് സഹായത്തോടെ ഭൂമി കൈയേറുന്നതിന് രാമചന്ദ്രനും കൂട്ടരും ചീരക്കടവിലെത്തിയിരുന്നു. ഹൈകോടതിയുടെ ഉത്തരവുണ്ടെന്നാണ് അവർ പറഞ്ഞത്. ഊരിലെ ആദിവാസികൾ കൈയേറ്റത്തെ തടഞ്ഞതിനാൽ അവർ മടങ്ങിപ്പോയി. കൈയേറ്റത്തിനെതിരെ പരാതി നൽകിയെങ്കിലും അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.
ഈ മാസം മൂന്നിന് പൊലീസുമായി ചീരക്കടവിലെത്തി ഭൂമിയിൽ ട്രാക്ടർ ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ചു. അഗളി പൊലീസ് അതിന് കാവൽ നിന്നു. കൈയേറ്റത്തെ എതിർത്തപ്പോൾ കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ വില്ലേജ് ഓഫിസിൽ പോയി സെറ്റിൽമെന്‍റ് രേഖകൾ പരിശോധിച്ചു. വില്ലേജ് ഓഫിസിലെ സെറ്റിൽമെന്‍റ് രേഖകൾ പ്രകാരം ആദിവാസി ഭൂമിയാണെന്ന് വ്യക്തമായി.
മദ്രാസ് ബൗണ്ടറി ആക്ട് പ്രകാരം ഭൂമി സർവേ ചെയ്ത രേഖയുടെ പകർപ്പ്, പാടവയൽ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിന്റെ പകർപ്പ് തുടങ്ങി ഭൂമി സംബന്ധിച്ച രേഖകളും അപേക്ഷക്കൊപ്പം ഹാജരാക്കി. അന്യായമായി ഭൂമി കൈയേറിയ ചീരക്കടവിലെ രാമചന്ദ്രൻ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആദിവാസികളായ ഭൂമിയുടെ അവകാശികൾക്ക് നീതി ലഭിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ വീണ്ടും പൊലീസ് എത്തി ഭീഷണിപ്പെടുത്തി ഭൂമി കൈയേറ്റം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.