പട്ടയ ഭൂമിക്ക് നികുതി അടച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ആദിവാസികൾ സമരത്തിൽ
text_fieldsകോഴിക്കോട്: മൂന്ന് തലമുറയായി കൈവശം വെച്ചിരിക്കുന്ന പട്ടയ ഭൂമിക്ക് നികുതി അടച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ആദിവാസികൾ സമരം നടത്തി. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിന് മുന്നിൽ കള്ളമല വില്ലേജിലെ അഞ്ച് ആദിവാസി കുടുംബങ്ങളാണ് പുല്ലന്റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തിയത്.
കള്ളമല വില്ലേജിലെ ഓന്തമലയിൽ ആദിവാസികൾ കുടുംബങ്ങൾ മൂന്നു തലമുറകളായി കൈവശം വെച്ച് കൃഷി ചെയ്യുന്ന 11. 98 ഏക്കർ ഭൂമിക്ക് നികുതി അടച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം. പുല്ലൻ, രങ്കൻ, രങ്കിയമ്മ, രങ്കി, രങ്കൻ എന്നിവരാണ് സമരം നടത്തിയത്. അഞ്ച് കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവർ.
1980 കളിൽ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ പട്ടയം ലഭിച്ചിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. ബാങ്കിൽനിന്ന് വായ്പയും എടുത്തിരുന്നു. കള്ളമല വില്ലേജിന്റെ പരിധിയിൽ വരുന്ന സർവേ ചെയ്യാത്ത ഭൂമിയാണിത്. 1990 വരെ ഈ ഭൂമിക്ക് നികുതി അടച്ചിട്ടുണ്ട്. പിന്നീട് പട്ടയം നഷ്ടപ്പെട്ടു.
റീസർവേ നടത്തിയപ്പോൾ ആദിവാസി ഭൂമി ഒഴിവാക്കിയിരുന്നു. പട്ടയം നൽകിയ കാലത്ത് അട്ടപ്പാടി പ്രദേശം ഒറ്റപ്പാലം താലൂക്കിലായിരുന്നു. അതിനാൽ പട്ടയത്തിന്റെ പകർപ്പ് അന്വേഷിച്ച് ഒറ്റപ്പാലം ഓഫിസിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ പട്ടയ ഫയലുകൾ പൊടിഞ്ഞുവെന്നാണ് അറിയിച്ചത്.
വില്ലേജിൽ നികുതി അടക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ അപേക്ഷ നൽകിയിരുന്നു. വില്ലേജ് ഓഫിസർ ആദിവാസികളുടെ അപേക്ഷ ട്രൈബൽ താലൂക്കിലെ ഭൂരേഖ തഹസിൽദാർക്ക് കൈമാറി. തഹസിൽദാരുടെ അഭിപ്രായത്തിൽ വനംവകുപ്പിന്റെ അനുമതി പത്രം വേണമെന്നാണ്. വനംവകുപ്പ് പറയുന്നതാകട്ടെ ഭൂനികുതി അടച്ച രസീതുണ്ടെങ്കിൽ അനുമതി നൽകാമെന്നാണ്.
വനം - റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വർഷങ്ങളായി ഈ ആദിവാസി കുടുംബങ്ങളെ തട്ടിക്കളിക്കുകയാണ്. അതിനാൽ ഇവരുടെ അപേക്ഷയിന്മേൽ റവന്യൂ ഉദ്യോഗസ്ഥർ ഇതുവരെ നടപടി സ്വീകരിച്ചില്ല. അതിനാലാണ് സമരരംഗത്ത് ഇറങ്ങിയതെന്ന് ഓന്തമലയിലെ രങ്കി മാധ്യമം ഓൺലൈനോട് പറഞ്ഞു.
ഈ പ്രദേശത്തെ ആദിവാസി ഇതര വിഭാഗങ്ങളുടെ ഭൂമിക്ക് വില്ലേജ് നികുതി അടച്ച് നൽകിയിട്ടുണ്ട്. വനം- റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് തർക്കമില്ല. ആദിവാസികളോട് പക്ഷപാതപരമായ നടപടിയാണ് റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നുവെന്നാണ് എന്നാണ് ആദിവാസികളുടെ ആക്ഷേപം. പട്ടയം നൽകിയ രേഖ കണ്ടെടുത്ത് നൽകേണ്ടത് റവന്യൂ വകുപ്പാണെന്നും ആദിവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.