തകർന്ന റോഡിൽ വീണ് സ്ത്രീകൾക്ക് ഗർഭം അലസുന്നുവെന്ന് നജീബ് കാന്തപുരം; ‘ജനിക്കാതെ പോയ കുഞ്ഞിന്‍റെ കാലനാണ് പൊതുമരാമത്ത് വകുപ്പ്’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥ സംസ്ഥാന സർക്കാർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നജീബ് കാന്തപുരം കുറ്റപ്പെടുത്തി. വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിനും ഗതാഗത തടസത്തിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാറാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം ചോദ്യം ഉന്നയിച്ചു. മണിച്ചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു ചെവിയില്‍ ചെമ്പരത്തി പൂവെച്ച് ചാടി ചാടി പോകുന്നതു പോലെ പോകേണ്ട അവസ്ഥയല്ലേ ഉള്ളതെന്നും പ്രതിപക്ഷ അംഗം ചൂണ്ടിക്കാട്ടി. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടുറോഡിലൂടെ പോകേണ്ടി വരുന്നത്. കുഴികൾ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, ഇപ്പോൾ കുളങ്ങൾ എണ്ണിയാൽ തീരുമോ?. റോഡിൽ വീണ് സ്ത്രീകൾക്ക് ഗർഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്‍റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.
റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് പൊതുമരാമത്ത് വകുപ്പിനുള്ളതെന്നും റോഡ് നിർമാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ മറുപടി നൽകി. സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണ്. കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെ നടക്കുന്ന റോഡുകളിൽ ചില പ്രയാസമുണ്ട്. മന്ത്രിമാർ തമ്മിൽ മികച്ച ഏകോപനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് കേരളം യു.ഡി.എഫ് ആണ് ഭരിച്ചിരുന്നതെങ്കിൽ കേരളവും ബിഹാറുമായി പാലം പൊളിയുന്നതിൽ ഒരു 20-20 മൽസരം നടന്നേനെയെന്ന് മന്ത്രി പരിഹസിച്ചു.
പൊതുമരാമത്ത് മന്ത്രി റിയാസിന്‍റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതാണെന്നും സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ദേശീയപാത 66ന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ ജനങ്ങള്‍ ഈ ദുരിതം മുഴുവൻ അനുഭവിക്കണോയെന്നും സതീശൻ ചോദിച്ചു.
അടിയന്തര പ്രമേയം കൊണ്ടുവന്ന നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമർശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമാണ് മന്ത്രി റിയാസ് പരിഹസിച്ചത്. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.