എ.ഡി.എം നവീന് ബാബുവിന്റെ മരണം: കലക്ടറുടെ മൊഴി കത്തുന്നു
text_fieldsകണ്ണൂർ: തനിക്ക് തെറ്റുപറ്റിയെന്ന് എ.ഡി.എം കെ. നവീൻ ബാബു പറഞ്ഞെന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴിയെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണാ കേസിൽ റിമാൻഡിലായ പി.പി. ദിവ്യയെ രക്ഷിക്കാനുള്ള നീക്കമാണ് കലക്ടർ നടത്തിയതെന്നാണ് വ്യാപക വിമർശനം. കലക്ടറുടെ മൊഴി ഏറ്റെടുത്ത് ദിവ്യയുടെ അഭിഭാഷകൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹരജി നൽകിയതോടെയാണ് സംശയം ബലപ്പെട്ടത്.
എ.ഡി.എമ്മിന്റെ മരണത്തിനുപിന്നാലെ കലക്ടർ റവന്യൂ മന്ത്രിക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഇത്തരമൊരു പരാമർശമില്ല. പി.പി. ദിവ്യ അധിക്ഷേപിച്ച് സംസാരിച്ചതിനുശേഷം കലക്ടറുടെ ചേംബറിൽ എ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തിയ കാര്യം പോലും ആ റിപ്പോർട്ടിലില്ല. ഇത് റവന്യൂ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
എ.ഡി.എമ്മിന്റെ മരണം അന്വേഷിച്ച കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിക്ക് നൽകിയ മൊഴിയിലാണ് ‘തനിക്ക് തെറ്റുപറ്റിയെന്ന്’ പറഞ്ഞതായുള്ള മൊഴിയുള്ളത്.
ഒക്ടോബർ 19നാണ് ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ എ. ഗീത കണ്ണൂരിലെത്തിയത്. അവർക്കു മൊഴി നൽകിയതിനുശേഷം കലക്ടർ മാധ്യമങ്ങളെ കണ്ടെങ്കിലും ദിവ്യയെ യാത്രയയപ്പ് യോഗത്തിന് ക്ഷണിച്ചില്ലെന്ന ഒറ്റ കാര്യമാണ് പ്രധാനമായും അദ്ദേഹം പറഞ്ഞത്. ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ മൊഴിയെടുത്തശേഷം രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ കലക്ടർ പിണറായിയിലെ വീട്ടിലെത്തി. എ.ഡി.എമ്മിന്റെ മരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ചതായി കലക്ടർ തന്നെ പിറ്റേന്ന് പറയുകയും ചെയ്തു.ഒക്ടോബർ 21ന് രാത്രി ക്യാമ്പ് ഓഫിസിൽവെച്ചാണ് പൊലീസ് സംഘം കലക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിലാണ് എ.ഡി.എമ്മിന് തെറ്റുപറ്റിയെന്ന വിവാദ പരാമർശമുള്ളത്. ഇതാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയുള്ള വിധിയിൽ ഉദ്ധരിച്ചതും.
കോടതിവിധി പുറത്തുവന്നപ്പോഴാണ് തെറ്റുപറ്റി പരാമർശമുള്ള മൊഴി തന്നെ പുറത്തറിയുന്നത്. അതുവരെ ആരോടും പറയാത്ത ഇക്കാര്യത്തിലാണ് പ്രതിപക്ഷ സംഘടനകൾ സംശയമുന്നയിക്കുന്നത്.
യാത്രയയപ്പ് യോഗം നടന്നതിനുശേഷം ഏകദേശം നാലുമിനിറ്റാണ് കലക്ടറുടെ ചേംബറിൽ എ.ഡി.എമ്മുമായി സംസാരിച്ചത്. എന്തടിസ്ഥാനത്തിലാണ് തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞതെന്ന് കലക്ടർ വിശദീകരിച്ചിട്ടുമില്ല. മൊഴി പൂർണമായും പുറത്തുവന്നില്ലെന്നാണ് അദ്ദേഹം നൽകിയ മറുപടി. കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തും. കലക്ടറുടെ വസതിക്കുമുന്നിൽ വ്യാഴാഴ്ച യുവമോർച്ച പ്രവർത്തകർ സമരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.