കൈക്കൂലി കെട്ടുകഥയോ?
text_fieldsതിരുവനന്തപുരം: എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ കൈക്കൂലി ആരോപണം കെട്ടുകഥയോ! കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ച അഴിമതിയാരോപണം സംബന്ധിച്ച പരാതിയൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ സ്ഥിരീകരിച്ചതോടെ സി.പി.എം കൂടുതൽ പ്രതിസന്ധിയിൽ.
നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പുടമ ടി.വി. ശാന്തൻ നൽകിയെന്ന് പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിജിലൻസിനും ലഭിച്ചിട്ടില്ല. ബുധനാഴ്ച ഇ-മെയിൽ മുഖേന ലഭിച്ച മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ നവീൻ ബാബുവിനും ടി.വി. പ്രശാന്തനുമെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രശാന്തനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ഈ പരാതിക്കൊപ്പം പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതിയും വെച്ചിട്ടുണ്ട്. നിയമാനുസൃതം അന്വേഷിച്ചാൽ പമ്പിനായി സമ്മർദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയിൽ വരും.
അതേസമയം, എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
വിവാദ പെട്രോൾ പമ്പിന്റെ അലോട്ട്മെന്റ് റദ്ദാക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
എൻ.ഒ.സി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ലൈസൻസിയായ പ്രശാന്തൻ സമ്മതിച്ച സാഹചര്യത്തിൽ അലോട്ട്മെന്റ് റദ്ദാക്കണമെന്ന് എ.ഐ.സി.സി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ബി.എസ്. ഷിജുവാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.