എ.ഡി.എമ്മിന്റെ മരണം: കണ്ണൂർ കലക്ടറുടെ മൊഴിയെടുക്കും, മാറ്റത്തിന് സാധ്യത
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ പാലിച്ച മൗനത്തിൽ വിവാദം മുറുകുന്നു. ക്ഷണിക്കാതെ എത്തിയ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എ.ഡി.എമ്മിനെ അധിക്ഷേപിച്ച് സംസാരിക്കുമ്പോഴും ശേഷവും ഒരക്ഷരം മറുത്തുപറയാതിരുന്നത് കലക്ടറെ കുരുക്കിലാക്കി. പുറമെനിന്ന് ആരെയും ക്ഷണിക്കാത്ത യോഗത്തിൽ പി.പി. ദിവ്യ വരുന്നത് അറിഞ്ഞിട്ടും ആരോടും പറയാതിരുന്നതും കലക്ടറെ സംശയമുനയിലാക്കി. മരണത്തിൽ ഗൂഢാലോചന ആരോപിച്ച് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രംഗത്തുവന്നതും ഏറ്റവുമൊടുവിൽ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ, കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയതും കലക്ടറെ വെട്ടിലാക്കി.
പത്തനംതിട്ടവരെ മൃതദേഹത്തെ അനുഗമിച്ച കലക്ടർ വീട്ടിലേക്ക് വരുന്നത് തടഞ്ഞ കുടുംബം ഇന്നലെ കലക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. പത്തനംതിട്ടവരെ പോയിട്ടും അന്ത്യോപചാരമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കലക്ടർ അനുശോചനക്കുറിപ്പ് തയാറാക്കി കുടുംബത്തിന് കൈമാറിയത്. യോഗത്തിൽ കലക്ടറുടെ മൗനത്തിൽ പ്രതിഷേധിച്ചാണ് എ.ഡി.എമ്മിന്റെ കുടുംബം ഇൗ നിലപാട് സ്വീകരിച്ചത്. വിവാദക്കുരുക്കിലായ കലക്ടറെ സ്ഥലംമാറ്റിയേക്കുമെന്നാണ് സൂചന.
കലക്ടറുടെ നിലപാടിനെതിരെ പിറ്റേന്നുതന്നെ ജീവനക്കാർ ചേംബറിലെത്തി പ്രതിഷേധിച്ചിരുന്നു. വീണ്ടും പ്രതിഷേധമുണ്ടാകുമെന്ന് കണക്കിലെടുത്ത് ഇന്നലെ കലക്ടർ ഓഫിസിൽ എത്തിയതുമില്ല. ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കോൺഗ്രസും ബി.ജെ.പിയും കലക്ടർക്കെതിരെ രംഗത്തുവന്നു. പത്തനംതിട്ടയിലേക്ക് സ്ഥലംമാറിപ്പോകുന്ന എ.ഡി.എമ്മിന് തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് യാത്രയയപ്പ് നിശ്ചയിച്ചത്. റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ കലക്ടർ, രണ്ട് ഡെപ്യൂട്ടി കലക്ടർമാർ, ഹുസൂർ ശിരസ്തദാർ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.
ചടങ്ങ് തുടങ്ങി മിനിറ്റുകൾക്കകമാണ് പി.പി. ദിവ്യ എത്തിയതും മൈക്ക് വാങ്ങി എ.ഡി.എമ്മിനെതിരെ സംസാരിക്കാൻ തുടങ്ങിയതും. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്ക് ദിവ്യ സംസാരിക്കുമ്പോൾ കലക്ടർ മൗനം പാലിച്ചു. പ്രസംഗം പരിധിവിടുമ്പോഴും ഒന്നും മിണ്ടിയില്ല. എ.ഡി.എമ്മിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ വേദി വിട്ടുപോയപ്പോഴും ഒന്നുമറിയാത്ത രീതിയിലാണ് കലക്ടർ പെരുമാറിയത്. ദിവ്യ പറഞ്ഞതിൽ വിയോജിപ്പുണ്ടെന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ എ.ഡി.എമ്മിന് ആശ്വാസമാകുമായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാൽ, ചടങ്ങ് കഴിഞ്ഞശേഷം എ.ഡി.എമ്മിനെ ചേംബറിൽ വിളിപ്പിച്ചിരുന്നുവെന്നാണ് കലക്ടർ ജീവനക്കാരോട് പറഞ്ഞത്. കലക്ടറും ജീവനക്കാരും തമ്മിൽ നല്ല ബന്ധമല്ല കണ്ണൂരിൽ നേരത്തേതന്നെ നിലനിൽക്കുന്നത്. നിസ്സാര കാര്യങ്ങൾക്കുപോലും നോട്ടീസ് നൽകുകയാണ് രീതി. ജൂനിയർ സൂപ്രണ്ടിൽ കുറഞ്ഞ ഒരാളും തന്നെ കാണേണ്ടെന്നും കലക്ടറുടെ അനൗദ്യോഗിക നിർദേശമുണ്ട്. ജീവനക്കാരിൽനിന്ന് അകന്നുനിൽക്കുന്നതിനിടെയുണ്ടായ എ.ഡി.എമ്മിന്റെ മരണത്തെതുടർന്നുള്ള വിവാദത്തിൽ കലക്ടർ പൂർണമായും ഒറ്റപ്പെട്ടു. സ്ഥലംമാറ്റത്തിന് വാക്കാൽ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇടതു സർവിസ് സംഘടനകളും കലക്ടർക്കെതിരെ ശക്തമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.