നവീൻ പറഞ്ഞ ആ തെറ്റ് എന്ത്? കലക്ടർ വീണ്ടും കുരുക്കിൽ
text_fieldsകണ്ണൂർ: തെറ്റുപറ്റിയെന്ന് എ.ഡി.എം നവീൻ ബാബു തന്നോട് പറഞ്ഞിരുന്നുവെന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി വിവാദത്തിൽ. പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയുടെ വിധിയിലാണ് കലക്ടറുടെ വിവാദ മൊഴിയുള്ളത്. എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്നോ മറ്റെന്തെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള സമ്മതമായി ഇതിനെ കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മൊഴി തള്ളിയെങ്കിലും വിഷയം പുതിയ തലത്തിലേക്ക് മാറുകയാണ്.
കലക്ടറുടെ ഈ മൊഴി ഏറ്റുപിടിച്ചാണ് ദിവ്യയുടെ അഭിഭാഷകൻ തലശ്ശേരി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കലക്ടറുടെ നീക്കത്തിൽ സംശയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി. കലക്ടറുടെ മൊഴി പെട്രോൾ പമ്പ് കൈക്കൂലിക്കഥയാക്കി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിൽ ഇടതു പ്രൊഫൈലുകളും ഏറ്റെടുത്തുകഴിഞ്ഞു. എ.ഡി.എമ്മിന്റെ മരണം ആദ്യം അന്വേഷിച്ച കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി മുമ്പാകെ കലക്ടർ നൽകിയ മൊഴിയാണ് കോടതിവിധിയിൽ ഉദ്ധരിച്ചത്. ഇത്തരമൊരു മൊഴി നൽകിയിട്ടുണ്ടെന്ന് കലക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.
കോടതി വിധിന്യായത്തിലെ 34ാം പേജിലാണ് കലക്ടറുടെ വിവാദ മൊഴിയുള്ളത്. ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിനുശേഷമാണ് തെറ്റുപറ്റിയെന്ന കാര്യം എ.ഡി.എം കലക്ടറോട് പറഞ്ഞതെന്നാണ് വിധിയിലുള്ളത്. പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗംനടന്ന യാത്രയയപ്പ് യോഗത്തിനുശേഷം എ.ഡി.എം കലക്ടറെ കണ്ടിരുന്നു. കലക്ടറുടെ ചേംബറിൽ ഏതാനും മിനിറ്റുകൾ നീണ്ടതായിരുന്നു ആ കൂടിക്കാഴ്ച.
ആ സമയത്താണ് തെറ്റുപറ്റിയെന്ന നിലക്ക് എ.ഡി.എം സംസാരിച്ചതെന്നാണ് സൂചന. എന്നാൽ, ഏത് സാഹചര്യത്തിലാണ് എ.ഡി.എം ഇത് പറഞ്ഞതെന്ന് കലക്ടർ വിശദീകരിക്കുന്നില്ല. വിവാദ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്ന ടി.വി. പ്രശാന്തന്റെ ആരോപണവുമായി മൊഴിയെ ബന്ധിപ്പിക്കാനും കഴിയുന്നില്ല. കലക്ടർ നൽകിയ മൊഴികളിൽ തന്നെയാണ് കൈക്കൂലിക്കഥകൾ തള്ളുന്ന സൂചനയുള്ളതും.
യാത്രയയപ്പ് നടന്ന ദിവസം രാവിലെ ഔദ്യോഗിക ചടങ്ങിൽ കണ്ടുമുട്ടിയ പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ച് സംസാരിച്ചപ്പോൾ ‘തെളിവില്ലാത്ത കാര്യങ്ങൾ പറയരുതെന്ന്’ കലക്ടർ മറുപടി നൽകിയതായി മൊഴിയിലുണ്ട്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്ന് വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോ. കമീഷണറോട് കലക്ടർ പറഞ്ഞിരുന്നു. കുടുംബത്തിന് രേഖാമൂലവും കത്തിലും എ.ഡി.എമ്മിന്റെ മികവാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.