‘അഴിമതി അറിഞ്ഞെങ്കിൽ വിജിലൻസിനെയോ പൊലീസിനെയോ സമീപിക്കാമായിരുന്നു‘ -ദിവ്യയുടെ വാദങ്ങൾ പൊളിച്ച് കോടതി
text_fieldsകണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദങ്ങൾ ഒന്നൊന്നായി പൊളിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. കലക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് ചടങ്ങിനെത്തിയതെന്നും എ.ഡി.എമ്മിനെതിരെ വിജിലൻസ് പരാതിയുണ്ടെന്നും അടക്കമുള്ള വാദങ്ങൾ തള്ളിയാണ് കോടതി മുൻകൂർ ജാമ്യഹരജി തള്ളിയത്. ജില്ല കലക്ടർ അരുൺ കെ. വിജയൻ ക്ഷണിച്ചിട്ടാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിനെത്തിയതെന്ന ദിവ്യയുടെ വാദം കോടതിയുടെ മുന്നിലും പൊളിഞ്ഞു. നേരത്തെ കലക്ടർ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിക്കുകയും അന്വേഷണസംഘത്തിന് മുമ്പാകെ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് മൊഴിയും നൽകിയിരുന്നു.
എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിവെക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ പ്രതിഭാഗത്തിനായില്ല. അഴിമതിക്കെതിരെയാണ് സംസാരിച്ചതെന്ന വാദവും കോടതി തള്ളി. നവീനുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അഴിമതിയെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ വിജിലൻസിനെയോ പൊലീസിനെയോ പോലെയുള്ള സംവിധാനങ്ങളെ സമീപിക്കാമായിരുന്നുവെന്ന് കോടതി പറഞ്ഞു. ദിവ്യയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായില്ല. പകരം ജില്ല കലക്ടറുടെയും സഹപ്രവർത്തകരുടെയും മുന്നിൽ അപമാനിക്കുകയെന്ന മാർഗമാണ് തെരഞ്ഞെടുത്തതെന്നും കോടതി വിധിയിൽ പറയുന്നു.
ദിവ്യയെ ഒളിപ്പിച്ചത് പാർട്ടി ഗ്രാമത്തിൽ -വി.ഡി. സതീശൻ
ചേലക്കര: പി.പി. ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്ന കോക്കസാണ് അതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചേലക്കരയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്നും ഇപ്പോൾ കസ്റ്റഡിയില്‍ എടുത്തതാണെന്നും പറയുന്ന പൊലീസിന് അവർ ഇത്രയും ദിവസം എവിടെയായിരുന്നുവെന്ന് അറിയാമായിരുന്നു. കീഴടങ്ങിയയാളെ എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നത്? ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിവൃത്തിയില്ലാതെ അറസ്റ്റ് ചെയ്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.