ദിവ്യയുടെ ഒളിവ് ജീവിതം: എല്ലാം നിയന്ത്രിച്ചത് ഗൂഢസംഘം
text_fieldsകണ്ണൂർ: എ.ഡി.എം നവീൻ ബാബു മരിച്ചതു മുതൽ ഒളിവിൽപോയി പാർട്ടിക്കും സർക്കാറിനും ദുഷ്പേര് മാത്രമുണ്ടാക്കിയ പി.പി. ദിവ്യക്ക് ‘ബുദ്ധി’ ഉപദേശിച്ചത് ഉപജാപക സംഘം. ജാമ്യം ലഭിക്കുന്നതുവരെ ഒളിവിൽപോയി കാര്യം സാധിച്ചെടുത്ത നടൻ സിദ്ദീഖിനെ ഓർമപ്പെടുത്തിയാണ് ഈ സംഘം പ്രവർത്തിച്ചത്. അയാൾ നടനും ഇവർ സി.പി.എം ജില്ല കമ്മിറ്റി അംഗവും ജനപ്രതിനിധിയുമെന്ന കാര്യം ഈ സംഘം മറന്നതുവഴി എ.ഡി.എമ്മിന്റെ മരണത്തിൽ പാർട്ടിക്ക് നൽകേണ്ടിവന്നത് കനത്ത വില. സംസ്ഥാനത്ത് മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ദിവ്യയുടെ ഒളിജീവിതം ഉണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ലെന്നാണ് പാർട്ടി നേതാക്കൾതന്നെ ഇപ്പോൾ സമ്മതിക്കുന്നത്.
ദിവ്യക്കൊപ്പം ഡി.വൈ.എഫ്.ഐയിൽ പ്രവർത്തിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ഉന്നത കേന്ദ്രത്തിലെ നേതാവും മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന മറ്റൊരാളും അടങ്ങുന്നതാണ് ഈ സംഘം. ഇവരുടെ നീക്കമെല്ലാം ആദ്യം മുതലേ പാളുന്നതാണ് കണ്ടത്. നവീൻ ബാബു മരിച്ചയുടൻതന്നെ പമ്പുടമ പ്രശാന്തിന്റെ പേരിൽ തട്ടിക്കൂട്ടിയ പരാതി ആദ്യം പൊളിഞ്ഞു. പ്രശാന്തിന്റെ ഒപ്പിനു പുറമെ അദ്ദേഹത്തിന്റെ പേരുപോലും തെറ്റിച്ചായിരുന്നു ആ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ ആ പരാതി കിട്ടിയവരും കണ്ടവരുമില്ല. പരാതി ‘കണ്ട കൈ’ ഏതെന്ന് അങ്ങാടിപ്പാട്ടാണ്.
നവീൻ ബാബു മരിച്ചയുടൻ ഇറങ്ങിയ മറ്റൊരു പ്രചാരണമാണ് അദ്ദേഹത്തെ വിജിലൻസ് ചോദ്യം ചെയ്തുവെന്നത്. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാൻ എ.ഡി.എം കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പരാതിയിൽ വിജിലൻസ് അദ്ദേഹത്തെ ചോദ്യംചെയ്തുവെന്നുമാണ് പ്രചരിപ്പിച്ചത്. അത്തരമൊരു ആരോപണം കോടതിയിൽപോലും തെളിയിക്കാൻ ദിവ്യക്ക് സാധിച്ചില്ല. അങ്ങനെ അതും എങ്ങുമെത്താതെ അവസാനിച്ചു.
ഒക്ടോബർ 17നാണ് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കേസ് ചുമത്തിയത്. പിറ്റേന്നുതന്നെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി ഒളിവിൽ പോവാൻ നിർദേശിച്ചതും ഈ സംഘം. ഹരജിയിൽ നവീന്റെ കുടുംബവും കക്ഷി ചേരുമെന്ന് പ്രഖ്യാപിച്ചതോടെ ഉടൻ ജാമ്യമെന്ന് സ്വപ്നം കണ്ടതും വെറുതെയായി. മൂന്നു ദിവസം കഴിഞ്ഞാണ് കോടതി ഫയലിൽപോലും സ്വീകരിച്ചത്. 21ന് ഫയലിൽ സ്വീകരിച്ച് 24ലേക്ക് വാദം കേൾക്കാൻ മാറ്റിവെച്ചതോടെ ഒളിജീവിതം 10 ദിവസം പിന്നിട്ടു. വിധി പറയാൻ 15ാം നാളിലേക്ക് മാറ്റിവെച്ചതോടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. സംസ്ഥാനമാകെ അലയടിച്ച പ്രതിഷേധം അനുദിനം കനത്തു. അങ്ങനെ നാണംകെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ പിടികൊടുക്കുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.