കൊച്ചി ജലഗതാഗത പദ്ധതിക്ക് 1064.83 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ജർമൻ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യൂവില്നിന്ന് 228.76 കോടി രൂപ വായ്പയെടുക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
നേരത്തേ 747 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരുന്നത്. കൊച്ചി മെട്രോയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ജലഗതാഗത വികസന പദ്ധതിയുടെ അന്തിമ കരാർ 2018 ൽ ഒപ്പിട്ടിരുന്നു. പദ്ധതിയുടെ 80 ശതമാനം ജര്‍മന്‍ വായ്പാ ഏജന്‍സി നൽകാനും നാലുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുമായിരുന്നു ലക്ഷ്യം.
കൊച്ചി മെട്രോയുമായി ജലപാതകളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. അരൂര്‍ മുതല്‍ വാരാപ്പുഴ വരെ പ്രദേശങ്ങൾക്കൊപ്പം ഒറ്റപ്പെട്ട ദ്വീപുകളെയും ജലപാതയിലൂടെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കും. പദ്ധതി സംസ്ഥാനത്തിെൻറ ഗതാഗത മേഖലക്ക് മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷ. മെട്രോ റെയിലും ജലപാതയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്.
മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ ടൂറിസം മേഖലയിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ലൂവിെൻറ വായ്പക്ക് പുറമെ വരുന്ന തുക സംസ്ഥാന സര്‍ക്കാറും കെ.എം.ആർ.എല്ലും കണ്ടെത്തും. അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളും ആധുനിക ബോട്ട് ജെട്ടികളും വൈ ഫൈ സൗകര്യവും അടങ്ങുന്നതായിരിക്കും 76 കിലോമീറ്റർ നീളുന്ന മെട്രോ ജലപാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.