അഡ്മിറല്‍ ഡി.കെ. ജോഷി കേരള ഗവര്‍ണര്‍ ആയേക്കും; ആരിഫ് മുഹമ്മദ് ഖാന് പുതിയ പദവി നല്‍കും
text_fieldsന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.
കേരളത്തിനു പുറമെ ജമ്മു കശ്മീരിലേക്കും ഡി.കെ. ജോഷിയെ പരിഗണിക്കുന്നതായി റിപ്പോർട്ടിൽ സൂചനയുണ്ട്. ആരിഫ് മുഹമ്മദ് ഖാന് പുറമെ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹലോട്ട്, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകും. പി.എസ്. ശ്രീധരന്‍പിള്ളയെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഗവര്‍ണറായി മാറ്റി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.
ജമ്മു കശ്മീരില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് സിന്‍ഹക്ക് പകരം ആര്‍.എസ്.എസ് നേതാവും ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ റാം മാധവിനെ പരിഗണിച്ചേക്കും. ബി.ജെ.പി നേതാക്കളായ അശ്വിനി ചൗബേ, വി.കെ. സിങ്, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധി പൂർത്തിയാക്കിവരെയാണ് പദവിയിൽനിന്ന് മാറ്റുന്നത്
ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് സേനയിൽ ചേർന്നത്. ഇന്ത്യന്‍ നാവിക സേനയുടെ 21-ാമത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. ഐ.എന്‍.എസ് സിന്ധുരത്‌നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി രാജിവെക്കുകയായിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍, നൗ സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.