ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എൻട്രൻസ് നടത്തുന്നത് കേരളത്തിൽ നടക്കില്ല- വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എൻട്രൻസ് നടത്തുന്നത് കേരളത്തിൽ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രവാസി മലയാളി വ്യവസായി ഡോ.ബി. രവി പിള്ളക്ക് കേരളം നൽകുന്ന ആദരവിന്റെ ഭാഗമായി യൂനിവേഴ്സിറ്റി കോളേജിൽ രവി പിള്ളയുടെ ജീവിതയാത്ര സംബന്ധിച്ചുള്ള ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്കൂളുകൾ പ്രവർത്തിക്കുന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട് അത്തരം സ്കൂളുകൾക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അവിടങ്ങളിൽ ബാലാപീഡന ങ്ങളാണ് നടക്കുന്നത്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇപ്പോൾ ചിത്രരചനയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
അവരുടെ രക്ഷകർത്താക്കളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എനിക്ക് ഒരു കാര്യം സൂചിപ്പിക്കാനുള്ളത്, പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കണം. അങ്ങനെ പങ്കെടുക്കാത്തതിന്റെ അടിസ്ഥാനത്തിൽ, അവരുടെ ഊർജവും ശക്തിയും ചിന്തയും മറ്റു പല ദിശയിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നൊരു കാര്യം ഈ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങൾ തെളിയിക്കുകയാണ്.
ജൂൺ മാസം ഒന്നിനാണ് സ്കൂൾ തുറക്കുന്നത്. അഡ്മിഷന്റെ കാര്യങ്ങൾ സംബന്ധിച്ചിടത്തോളവും, സ്കൂൾ തുറക്കുന്ന കാര്യങ്ങൾ സംബന്ധിച്ചിടത്തോളവുമൊക്കെ, കേരള എഡ്യൂക്കേഷൻ റൂളിൽ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇത് ഫെബ്രുവരി രണ്ടാണ്, ജൂൺ ഒന്നിന് മുമ്പാണ് ക്ലാസ് തുടങ്ങാൻ വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നത്. ചില സ്കൂളുകളിൽ എനിക്ക് കിട്ടിയ ഊഹം ശെരിയാണെങ്കിൽ ഒന്നാം ക്ലാസിന്റെ അഡ്മിഷൻ ഇപ്പോഴേ ആരംഭിച്ചു.
ഒന്നാം ക്ലാസിന്റെ അഡ്മിഷൻ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയും കൂടി ഉണ്ട്. അത് കേരളത്തിൽ അംഗീകരിച്ച് കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഇന്റർവ്യു ഉണ്ട്. അപ്പൊ അമ്മ പഠിപ്പോടെ പഠിപ്പാണ്. ഈ ഇന്റർവ്യൂന് മറുപടി പറയുന്നതിന് വേണ്ടി. അത് ഒരു കാരണവശാലും അംഗീകരിച്ച് കൊടുക്കാൻ കഴിയില്ല.
ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസുകളിൽ ഒരു സിലബസും ഇല്ല. എന്നുമാത്രമല്ല, ഒരു സ്കൂളിൽ ഒന്നാം ക്ലാസുകളിൽ ചേരാൻ അപേക്ഷ കൊടുത്താൽ, ആ അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, ബാലാവകാശ നിയമങ്ങൾക്ക് എതിരാണ്. മറ്റൊന്ന്, ഗവ. സ്കൂൾ ആയാലും സ്വകാര്യ സ്കൂൾ ആയാലും, പി.ടി.എ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസിലും നൂറ് രൂപ അമ്പത് രൂപ വെച്ച് വാങ്ങുന്നത് മനസിലാക്കാം. ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങൾ ഉണ്ട് എന്ന കാര്യം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
കർശന നടപടി അത്തരം സ്കൂളുകൾക്ക് എതിരെ എടുക്കും. അത്തരം പി.ടി.എ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്ന പ്രശ്നം ഇല്ല. വളരെ കർശനമായി നിലപാട് അക്കാര്യത്തിൽ സ്വീകരിക്കുന്നതാണ്. അതുമല്ല, അംഗീകാരം ഇല്ലാത്ത സ്കൂളിന്, പ്രാരംഭമായിട്ട് ഇവിടെ ഒരു പദ്ധതി നടത്തിയ അവസരത്തിൽ, 872 സ്കൂളുകൾ അങ്ങനെയുണ്ട്. നിയമമനുസരിച്ചു നോട്ടീസ് കൊടുക്കണം.
സ്വന്തമായിട്ട് ഓരോ കെട്ടിടം അങ്ങോട്ട് വാടകക്ക് എടുക്കുക, ഒരു ബോർഡ് എഴുതി വെക്കുക, പാവപ്പെട്ട കുറച്ച് ടീച്ചർമാർക്ക് ശമ്പളം കൊടുക്കാതെ നിയമിക്കുക, അവരുടെ ക്വാളിഫിക്കേഷൻ എന്താണെന്ന് നോക്കുകയില്ല. എന്നിട്ട് അവര് തന്നെ സിലബസ് ചെയ്യും, അവര് തന്നെ പരീക്ഷ നടത്തും, അവര് തന്നെ റിസൾട്ട് പ്രഖ്യാപിക്കും, എല്ലാം അവരാണ്. അത് കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
ജി. രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, കെ. വാസുകി, ഇ.എം. നജീബ്, ആർ.എസ്. ബാബു, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.