ശ്രീധരൻപിള്ളയെ വേദിയിലിരുത്തി അടൂർ:‘പല സിനിമക്കാരും തുറന്നുപറയില്ല, ഇ.ഡി വരുമെന്ന് പേടി’
text_fieldsതിരുവനന്തപുരം: സമൂഹത്തിൽ നടക്കുന്ന പല തെറ്റായ കാര്യങ്ങളെക്കുറിച്ചും പല സിനിമക്കാരും തുറന്നുപറയാറില്ലെന്നും എന്തെങ്കിലും പറഞ്ഞുപോയാൽ ഇ.ഡി വരുമോ എന്നാണ് അവരുടെ ഭയമെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ വേദിയിലിരുത്തിയായിരുന്നു അടൂരിന്റെ തുറന്നു പറച്ചിൽ.
തെറ്റായ കാര്യങ്ങൾ തുറന്നുപറയാത്ത പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിലായിരുന്നു പരാമർശം.
കലാബോധവും സാഹിത്യബോധവുമാണ് നല്ല ഭരണാധികാരികൾക്ക് വേണ്ട ഗുണം. ജനങ്ങളുമായി ഇടപഴകാൻ ഇത്തരം നേതാക്കൾക്കേ സാധിക്കൂവെന്നും അടൂർ പറഞ്ഞു. ഗവർണർമാർക്ക് ഇപ്പോൾ അനാവശ്യകാര്യങ്ങൾക്കാണ് വാർത്തകളിൽ തലക്കെട്ട് കിട്ടുന്നതെന്നും എന്നാൽ, അനാവശ്യമായ കാര്യങ്ങളൊന്നും ചെയ്യാതെ, നല്ല കാര്യങ്ങളിൽ മാത്രം തലക്കെട്ട് നേടുന്നയാളാണ് ശ്രീധരൻ പിള്ളയെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പറഞ്ഞു.
വൈകാരികതയല്ല മനുഷ്യനെ നയിക്കേണ്ടതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യവും വ്യത്യസ്തവുമാണെന്നും മറുപടി പ്രസംഗത്തിൽ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. രാജ്യതാൽപര്യങ്ങളെ സംരക്ഷിക്കേണ്ട സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. ജനങ്ങളുമായുള്ള ബന്ധവും പൊതുപ്രവർത്തനത്തിൽ നിന്ന് സ്വരൂപിച്ച അനുഭവങ്ങളും എഴുത്തിനെ തീക്ഷ്ണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.