വിമർശനങ്ങളും വിവാദങ്ങളും ഒഴിഞ്ഞു; അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വേദി പങ്കിട്ട് ഡോ. ബിജുവും അടൂർ ഗോപാലകൃഷ്ണനും
text_fieldsഅടൂർ: വർഷങ്ങളായി ചലച്ചിത്ര മേഖലയിൽ പരസ്യപോരും വിവാദവും സൃഷ്ടിച്ച ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണനും ഡോ. ബിജുവും ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഒരുമിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെയും ഡോ. ബിജുവിന്‍റെയും നേതൃത്വത്തിൽ നടത്തുന്ന മേളയിൽ അടൂർ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന ചിത്രത്തിന്‍റെ 50-ാം വാർഷിക വേളയിലാണ് ഇത്തരമൊരു സംഗമമെന്നത് ശ്രദ്ധേയമാണ്.
അടൂർ ഗോപാലകൃഷ്ണനെ മേളയിൽ പങ്കെടുപ്പിക്കണമെന്ന് ഡോ. ബിജുവിനാണ് പ്രധാനമായും ആഗ്രഹമുണ്ടായതെന്ന് സ്വാഗതം പറഞ്ഞ ജനറൽ കൺവീനർ സി. സുരേഷ് ബാബു പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ അടൂരിലെ കലാ സാഹിത്യ മണ്ഡലങ്ങളിൽ പ്രധാനികളായ ഇ.വി. കൃഷ്ണണപിള്ള, മുൻഷി പരമുപിള്ള, അടൂർ ഭവാനി, അടൂർ പങ്കജം, അടൂർ ഭാസി തുടങ്ങിയവരുടെ പേര് എടുത്ത പറഞ്ഞ അടൂർ ഗോപാലകൃഷ്ണൻ, ഡോ. ബിജുവിന്‍റെ പേര് പരാമർശിച്ചതേയില്ല. ഇനിയും പേരെടുത്തു പറയാത്ത പലരും അടൂരിൽ ചലച്ചിത്രകലാകാരന്മാരായുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പ്രയത്നവും ആത്മാർപ്പണവും കലകളോടുള്ള സ്നേഹവുമാണ് അടൂരിലെ പോലെ ചെറിയ ചലച്ചിത്രമേളകൾ ഉയരാൻ കാരണമെന്നും അടൂരിലെ മേളയുടെ സംഘാടകർ പ്രശംസയർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാപരവും സംസ്കാരപരവുമായ സിനിമകളാണ് അടൂർ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതെന്നും 'സ്വയംവരം' 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അടൂരിന്‍റെ സാന്നിധ്യം ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും ഡോ. ബിജു ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
സെപ്റ്റംബറിലാണ് ചലച്ചിത്രമേള നിശ്ചയിച്ചിരുന്നത്. അടൂരിന് ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഒക്ടോബറിലേക്ക് മേള മാറ്റിയത്. അടൂരിനെ പങ്കെടുപ്പിക്കാൻ സംഘാടകർ പടയോട്ടത്തിലായിരുന്നു.
2015 മുതൽ ഡോ. ബിജുവും അടൂർ ഗോപാലകൃഷ്ണനും പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം വിമർശനങ്ങൾ ഉതിർത്തിരുന്നു.അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡോ. ബിജു രംഗത്ത് വന്നിരുന്നു. വിധേയന് ശേഷം അടൂര്‍ മലയാള സമാന്തര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ഡോ. ബിജു കുറ്റപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള സമാന്തര സിനിമാസങ്കല്‍പം പ്രമേയപരമായും ആഖ്യാനപരമായും മാറിയിട്ടും അതിനൊപ്പം സ്വയം മാറാന്‍ കഴിയാതെപോയ മാസ്റ്റര്‍ സംവിധായകനാണ് അടൂര്‍ എന്ന് ഡോ. ബിജു ഫേസ്‍ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.
ബിജുവിന്‍റെ അവാർഡുകൾ വാരിക്കൂട്ടിയ 'പേരറിയാത്തവർ' ഉൾപ്പെടെയുള്ള സിനിമകൾ ഡോക്യുമെന്‍ററിയെക്കാളും മോശമാണെന്നുമൊക്കെ അടൂർ ഗോപാലകൃഷ്ണൻ അനുകൂലികളും എഴുതിയിരുന്നു. ഡോ. ബിജുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അടൂർ ഗോപാലകൃഷ്ണന്‍റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നില്ല. അടൂർ ഗോപാലകൃഷ്ണൻ അനുകൂലികളുടെ നേതൃത്വത്തിൽ സമാന്തര ചലച്ചിത്രമേളയും അടൂരിൽ നടന്നിരുന്നു. കാറും കോളും നിറഞ്ഞ ആ അന്തരീക്ഷത്തിനാണ് ഇക്കുറി ശമനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.