അടൂർ ജനറൽ ആശുപത്രിയിലെ കൈക്കൂലി വിവാദം; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകും -ഡെപ്യൂട്ടി സ്പീക്കർ
text_fieldsഅടൂർ: ജനറൽ ആശുപത്രിയിലെ ഡോക്ടർ ശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ സംഭാഷണവുമായി സ്ത്രീ പരാതിപ്പെട്ട വിഷയത്തിൽ അടിയന്തരമായി വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജുമായി ഡെപ്യൂട്ടി സ്പീക്കർ ചർച്ച നടത്തി.
പ്രതിദിനം രണ്ടായിരത്തോളം രോഗികൾ അടൂർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടുന്നുണ്ട്. ആരോഗ്യരംഗത്ത് കേരള സർക്കാർ നടത്തുന്ന ഇടപെടലുകൾ സർക്കാർ ആശുപത്രികളെ മികച്ച നിലവാരത്തിലെത്തിക്കുവാൻ കഴിഞ്ഞു എന്നിരിക്കെ അടൂർ ജനറൽ ആശുപത്രി അടക്കമുള്ള സർക്കാർ പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവണതകൾ ചില ഉദ്യോഗസ്ഥരിൽ ഉണ്ടാകുന്നു എന്നത് നിർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് വകുപ്പുതല അന്വേഷണവും നടപടികളും അടിയന്തരമായി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
അതിനിടെ, ശസ്ത്രക്രിയക്ക് ഡോക്ടർ പണം ആവശ്യപ്പെട്ട സംഭവത്തിൽ പരാതിക്കാരിയോട് വിജിലൻസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതി രേഖാമൂലം ലഭിക്കാത്തതിനാൽ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം സംബന്ധിച്ച് പത്തനംതിട്ട പൊലീസ് വിജിലൻസ് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നല്കും. തുടർന്ന് ഡയറക്ടറുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർ നടപടി സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.