ഭൂരഹിതർക്ക് നൽകാൻ ഭൂമി നൽകി അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ലൈഫ് മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്കായി ആരംഭിച്ച "മനസ്സോടിത്തിരി മണ്ണ്" പദ്ധതിയിലേക്ക് ഭൂമി നൽകി വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. അടൂര്‍, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി പദ്ധതിയിലേക്ക് കൈമാറുന്നത്. ഇക്കാര്യം അടൂർ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനെ അറിയിച്ചു.
മനസ്സോടിത്തിരി മണ്ണ് കാമ്പയിനിൽ പങ്കാളിയാകാന്‍ താല്പര്യമുണ്ടെന്ന് അടൂര്‍ മന്ത്രിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെ മന്ത്രി ആക്കുളത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നന്ദി അറിയിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥയായി നാഗ്പുരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് ഭൂമി നൽകുന്ന കാര്യം അടൂർ പങ്കുവെച്ചിരുന്നു. എത്രയും പെട്ടെന്ന് നടപടി നീക്കാനായിരുന്നു അശ്വതിയുടെ പ്രതികരണം. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് മന്ത്രിയെ അടൂർ അറിയിച്ചു.
ഇത് ഭൂദാനമെല്ലന്നും തന്റെ മണ്ണിന്റെ പങ്ക് പകുത്ത് നല്‍കുന്നത് കടമയാണെന്നും അടൂര്‍ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാറിന് വലിയ പ്രചോദനമാണെന്നും ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കൽ യത്നം സഫലമാക്കാനുള്ള ഊർജമാണെന്നും മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. ചലച്ചിത്രമേഖലയിലും പുറത്തുമുള്ള സുമനസ്സുകള്‍ "മനസ്സോടിത്തിരി മണ്ണ്" കാമ്പയിനില്‍ പങ്കാളികളാവാന്‍ മുന്നോട്ടുവരണം. രണ്ടരലക്ഷത്തിലേറെ അര്‍ഹരായ ഭൂ-ഭവന രഹിതര്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി വീടൊരുക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ മൂന്നാം ഘട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.