കർഷകർ വേണ്ടെന്നു പറഞ്ഞ നിയമം പിന്നെ നടപ്പാക്കുന്നത് ആര്‍ക്കുവേണ്ടി? -അടൂർ
text_fieldsതിരുവനന്തപുരം: കർഷകർ വേണ്ടെന്നു പറഞ്ഞ കാർഷിക നിയമം പിന്നെ ആര്‍ക്കുവേണ്ടിയാണ് നടപ്പാക്കുന്നതെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാര്‍ഷിക നിയമം നല്ലതാണോ ചീത്തയാണോ, വേണ്ടതാണോ വേണ്ടാത്തതാണോ എന്നു പറയേണ്ടത് ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ്. അവര്‍ക്കുവേണ്ട എന്നു പറഞ്ഞാല്‍ പിന്നെ എന്താണ് സംശയം. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നത്? - അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ആവശ്യത്തിനു ചെവികൊടുക്കാതിരിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് വലിയ ദോഷം ചെയ്യും.
മൂന്നാഴ്ച്ചയായി ഗാന്ധിയന്‍ മാതൃകയിലാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്. അവര്‍ക്കിത് ജീവന്മരണ പ്രശ്നമാണ്. രാജ്യത്തിനുവേണ്ടി ഒരുപാട് ചോര ഒഴുക്കിയവരും ജീവത്യാഗം ചെയ്തവരുമാണവര്‍.
നിയമം പിന്‍വലിക്കണം, അതില്‍കുറഞ്ഞൊന്നും സ്വീകര്യമല്ലെന്ന് അവര്‍ പറയുമ്പോള്‍ അതിനു ചെവികൊടുക്കാതിരിക്കരുത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മുതലെടുപ്പിനു വേണ്ടിയുള്ള സമരമല്ലിത്. എല്ലാ രാഷ്ട്രീയ പരിഗണനകള്‍ക്കും മുകളിലാണ്. സമരമിരിക്കുന്നവരാരും ദേശദ്രോഹികളല്ല. മറിച്ച്, ദേശത്തെ ഏറ്റവും സേവിച്ചവരും ജീവന്‍ ബലികഴിപ്പിച്ചവരുമാണ്. നമ്മുടെ ജനാധിപത്യത്തിെൻറ അടിത്തറതന്നെ ഉറപ്പിക്കേണ്ട സമയമാണിത്. ഐക്യരാഷ്ട്രസഭപോലും ഇന്ത്യയെ നോക്കി ശാസിക്കുന്നു എന്നു വരുന്നത് വളരെ ലജ്ജാകരമാണ്.
വൈകിയവേളയിലെങ്കിലും വിവേകമുദിച്ച് പ്രശ്നത്തിനു പരിഹാരം കാണണം. ഭരണകക്ഷിയിലുള്ളവരും ഈ ആവശ്യം ഉന്നയിക്കണം. പൗരനെ നിലയില്‍ ഒരുപാട് ആശങ്കങ്കളുള്ളതുകൊണ്ടാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.