അടൂർ സ്വദേശിയെ കാണാതായ സംഭവം; ബന്ധുക്കൾ മുംബൈയിലെത്തി
text_fieldsഅടൂർ: മുംബൈയിൽ കടലിൽവീണ് യുവാവിനെ കാണാതായെന്ന വിവരത്തെ തുടർന്ന് ബന്ധുക്കൾ അവിടെയെത്തി. ഒ.എൻ.ജി.സി.ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഉൾക്കടലിൽ ജോലിചെയ്തിരുന്ന പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ വർഗീസിന്റെയും സിബിയുടെയും മകൻ എനോസ് വർഗീസിനെയാണ് (25) ശനിയാഴ്ച പുലർച്ച മുതൽ കാണാതായത്.
ഇദ്ദേഹത്തെപ്പറ്റി ഒരുവിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പിതാവും മൂന്ന് ബന്ധുക്കളും മുംബൈയിലെത്തിയത്. തുടർന്ന് മുംബൈ യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലെത്തി എനോസിനെ കാണാത്തത് സംബന്ധിച്ച് പിതാവ് മൊഴിനൽകി.ഞായറാഴ്ച രാവിലെ ഉൾക്കടലിൽനിന്ന് ഒരു മൃതദേഹം ലഭിച്ചതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചിരുന്നു.
ഇത് എനോസിന്റേതാണെന്ന് ആദ്യം സംശയം പറഞ്ഞെങ്കിലും പെട്ടെന്നുതന്നെ വീണ്ടും മറ്റൊരാളുടെ മൃതദേഹമാണെന്ന് പറഞ്ഞ് സന്ദേശം എത്തിയതായി അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ച 12.30നാണ് മകനെ കാൺമാനില്ല എന്ന സന്ദേശം വർഗീസിന് എത്തുന്നത്. ബാന്ദ്രയിൽനിന്ന് എനോസ് വർഗീസ് ജോലിചെയ്യുന്ന കമ്പനിയുടെ മാനേജരാണ് വിളിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, എം.പി എന്നിവർക്ക് അടൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.