കോൺഗ്രസിന്റെ പഞ്ചായത്തിൽ എം.പിക്ക് വോട്ട് കുറഞ്ഞു; സ്വീകരണ യോഗത്തിൽ വിമർശനവുമായി അടൂർ പ്രകാശ്
text_fieldsകിളിമാനൂർ: ആറ്റിങ്ങലിലെ നിയുക്ത എം.പി അടൂർ പ്രകാശിന് കിളിമാനൂർ പഞ്ചായത്തിൽ നൽകിയ സ്വീകരണ യോഗം അത്ര സുഖകരമായല്ല സമാപിച്ചത്. സ്വീകരണത്തിന് നന്ദി പറഞ്ഞ എം.പി പഞ്ചായത്തിൽ ഗണ്യമായി വോട്ടു കുറഞ്ഞതിൽ പ്രസിഡന്റിനെയും പ്രവർത്തകരെയും പരോഷമായി വിമർശിച്ചു. പഞ്ചായത്തിന്റെ വികസനത്തിന് തന്നാലാവുന്നത് ചെയ്തിട്ടും പാർട്ടി പ്രവർത്തകരടക്കം തിരിഞ്ഞുകുത്തിയെന്ന് പരോക്ഷമായി അടൂർ പ്രകാശ് പറഞ്ഞു.
15 വാർഡുകളുള്ള പഞ്ചായത്തിൽ 10 വാർഡുകൾ നേടിയാണ് കോൺഗ്രസ് 2021-ൽ അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം ആയിരുന്നു പഞ്ചായത്ത് ഭരണത്തിലുണ്ടായിരുന്നത്. അന്ന് 1200 ലധികം വോട്ടിന്റെ ഭൂരിപക്ഷം അടൂർ പ്രകാശിന് പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു. ഇക്കുറി കോൺഗ്രസിനെക്കാൾ 381 വോട്ടുകൾ കൂടുതൽ നേടി ബി.ജെ.പിയാണ് പഞ്ചായത്തിൽ മുന്നിലെത്തിയത്. ഇതാണ് അടൂർ പ്രകാശിനെ ചൊടിപ്പിച്ചത്. പരാജയകാരണങ്ങളെ ക്കുറിച്ച് ഇനിയും അന്വേഷിക്കാൻ പാർട്ടി പ്രാദേശിക നേതൃത്വം തയാറായിട്ടില്ല.
പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ മനോജ് അടൂർ പ്രകാശ് എം.പിയെ സ്വീകരിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് അനൂപ് തോട്ടത്തിൽ, ഗംഗാധര തിലകൻ, പി.സൊണാൽജ്, ഡി.സി.സി അംഗം എൻ. രത്നാകരൻ പിള്ള, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.