'ദത്ത് വിവാദം: കുഞ്ഞിനെ അഞ്ചു ദിവസത്തിനകം തിരികെയെത്തിക്കണം'
text_fieldsതിരുവനന്തപുരം: മാതാവറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെയെത്തിക്കാൻ നടപടി. പേരൂർക്കട സ്വദേശിനി അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ തിരിെകയെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് (സി.ഡബ്ല്യു.സി) ശിശുക്ഷേമ സമിതിക്ക് ഉത്തരവ് നൽകിയത്.
അഞ്ചു ദിവസത്തിനകം കുട്ടിയെ എത്തിക്കാനും ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാനുമാണ് നിർദേശം. പ്രത്യേക പൊലീസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും നിർദേശമുണ്ട്. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സി.ഡബ്ല്യു.സി നടപടി.
എന്നാൽ, ഉത്തരവിൽ അനുപമ ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ കൊണ്ടുവരാൻ കുറ്റാരോപിതരെ ഏൽപിച്ചതിലാണ് ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷൻ, വനിതാ-ശിശു വികസന ഡയറക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും അനുപമ പറഞ്ഞു. ആന്ധ്രയിലെ ദമ്പതികൾക്കാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് വിവരം. ആഗസ്റ്റിൽ ശിശുക്ഷേമസമിതിയിൽനിന്ന് ദത്ത് നൽകിയ കുട്ടി സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അനുപമയുടേതെന്നാണ് സംശയിക്കുന്നത്.
നാട്ടിലെത്തിച്ച ഉടൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും ഫലം സി.ഡബ്ല്യു.സിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിെൻറ പകർപ്പ് അനുപമക്കും കൈമാറി. ഉത്തരവിൽ സന്തോഷമുണ്ടെന്ന് ആദ്യം പ്രതികരിച്ച അനുപമ പക്ഷേ, പിന്നീട് ആശങ്ക പ്രകടിപ്പിച്ചു.
കുട്ടിയെ ദത്ത് നൽകിയതിൽ ശിശുക്ഷേമസമിതി ജന.സെക്രട്ടറി ഷിജുഖാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ എന്നിവർക്ക് പങ്കുണ്ടെന്നാണ് അനുപമയുടെ ആരോപണം. ഇവരെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന ആവശ്യവുമായി അനുപമ ശിശുക്ഷേമ സമിതിക്കുമുന്നിൽ സമരം തുടരുകയുമാണ്. സി.ഡബ്ല്യു.സി ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമീഷനും വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.