ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ മായം കലർന്ന പാൽ പിടികൂടി
text_fieldsതിരുവനന്തപുരം : ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ മായം കലർന്ന പാൽ പിടികൂടി. തമിഴ്നാട് -തെങ്കാശി വി.കെ പുതൂർ വടിയൂർ എന്ന സ്ഥലത്ത് നിന്നും അഗ്രി സോഫ്റ്റ് ഡയറി ഫാം അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പാൽ കേടുകൂടാതെ കൂടുതൽ സമയം സൂക്ഷിക്കുന്നതിനായി ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത പാലാണ് പിടികൂടിയത്. കഴിഞ്ഞ ഓണക്കാലത്ത് ഫോർമാലിൻ ചേർത്ത പാൽ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. അന്ന് പാൽ തിരിച്ചയക്കുകയാണ് ചെയ്തത്. ഇന്ന് പിടിച്ചെടുത്ത പാൽ സാമ്പിൾ ശേഖരിച്ചതിന്റെ ബാക്കി പൂർണമായും നശിപ്പിച്ചു.
കളയുവാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പാൽ തുടർന്നുള്ള നിയമനടപടി സ്വീകരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷിപുരം, കൊല്ലം ജില്ലയിൽ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിൽ പാറശാല എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.
പാൽ ഈ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം ആണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ഇത് കൂടാതെ എല്ലാ ജില്ലകളിലും ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ വിഭാഗം വിപണിയിൽ വിറ്റഴിക്കപ്പെടുന്ന പാൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. പരിശോധന കൂടുതൽ ഊർജിതമാക്കുന്നതിനും പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന പ്രവർത്തനം ശക്തമാക്കുവാനും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിലും ജില്ലകളിലും പരിശോധന ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.