സംവരണ സമൂഹങ്ങളുടെ മുന്നണിപ്പോരാളി
text_fieldsകഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അഡ്വ. എ. പൂക്കുഞ്ഞുമായി ആശയവിനിമയത്തിലും പ്രശ്നാധിഷ്ഠിതചർച്ചകളിലും നിരന്തരം പങ്കെടുത്തുവന്നിരുന്നു. മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷെൻറ (മെക്ക) രൂപവത്കരണശേഷം ഇക്കഴിഞ്ഞ മൂന്നു വർഷമായി അസുഖബാധിതനായതിനെത്തുടർന്ന് പിന്നാക്കവിഭാഗങ്ങളും മുസ്ലിം ന്യൂനപക്ഷങ്ങളും മഹല്ല് ജമാഅത്തുകളും സംബന്ധിച്ച ചർച്ചകളിൽ അൽപം കുറവുവന്നു.
കേരള മുസ്ലിം സമൂഹത്തിെൻറ പുരോഗതി മഹല്ലുകളിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അടിയുറച്ചുവിശ്വസിക്കുകയും അതിനായി 'മെക്ക'യും ഇതര പ്രസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിനായി ആയുസ്സിെൻറ പകുതിയിലധികവും ചെലവഴിച്ചു അഡ്വ. പൂക്കുഞ്ഞ്.
പിന്നാക്കവിഭാഗങ്ങളുടെയും സംവരണ സമൂഹങ്ങളുടെയും നീതിക്കും ന്യായമായ അവകാശങ്ങൾക്കുംവേണ്ടിയുള്ള പോരാട്ടത്തിലെ നാലു പതിറ്റാണ്ട് പാരമ്പര്യത്തിെൻറയും അനുഭവസമ്പത്തിെൻറയും ഉടമയാണ്.
കേരളത്തിലെ സംവരണവിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിൽ മുൻ ഗുജറാത്ത് ഗവർണർ കെ.കെ. വിശ്വനാഥൻ, അഡ്വ. എം.കെ. രാഘവൻ, ഡോ. കെ.കെ. രാഹുലൻ, പ്രതാപ് സിങ്, അഡ്വ. സി.കെ.വിദ്യാസാഗർ തുടങ്ങിയ എസ്.എൻ.ഡി.പി യോഗ നേതൃത്വവുമായും ഇതര പിന്നാക്ക വിഭാഗങ്ങളുമായും സാമൂഹികനീതിക്കുവേണ്ടി 1990 മുതൽ മുൻ മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, അഡ്വ. നാലകത്തു സൂപ്പി, കുട്ടി അഹമ്മദ് കുട്ടി, മുൻ എം.എൽ.എ അഡ്വ വി. ദിനകരൻ, യശഃശരീരനായ വണിക വൈശ്യസംഘം സംസ്ഥാന പ്രസിഡൻറ് എ.സി. താണു തുടങ്ങിയവരടക്കം അമ്പതോളം പിന്നാക്കസമുദായ സംഘടനകളുമായും നേതാക്കളുമായും കൂടിപ്രവർത്തിക്കാൻ അവസരം ലഭിച്ച എനിക്ക് 30 വർഷവും പൂക്കുഞ്ഞിെൻറ സത്യസന്ധവും ആത്മാർഥവുമായ സാമൂഹികപ്രവർത്തനവും ജീവിതവും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
സംവരണ സമുദായ മുന്നണിയുടെ സ്ഥാപക കാലം മുതലുള്ള ട്രഷറർ എന്നതിലുപരി എല്ലാ സംവരണസമുദായങ്ങളെയും മുസ്ലിംസമൂഹത്തിെൻറ ഒപ്പം നിർത്താൻ അദ്ദേഹം കഴിവതു ശ്രമിച്ചു. 2008-2010 കാലയളവിലും തുടർന്നും മധ്യകേരളം കേന്ദ്രീകരിച്ച് സംവരണ സമുദായമുന്നണിയുടെ പ്രവർത്തനം സജീവമായിരുന്നു.
2017 വരെ മെക്ക സംഘടിപ്പിക്കുന്ന എല്ലാ ന്യൂനപക്ഷ, പിന്നാക്കസമൂഹങ്ങളുടെ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. 2014 ആഗസ്റ്റിലെ 'മെക്ക'യുടെ രജതജൂബിലി സമ്മേളനത്തിലും പങ്കെടുത്തു. 2008 ഡിസംബർ 18ന് തിരുവനന്തപുരത്ത് പിന്നാക്കവിഭാഗങ്ങളുടെ മെറിറ്റും സംവരണവിഹിതവും അട്ടിമറിക്കെതിരെ പി.എസ്.സി ആസ്ഥാനത്ത് പതിനായിരങ്ങൾ പങ്കെടുത്ത പ്രക്ഷോഭപരിപാടികളിലും നേതൃപരമായ പങ്കുവഹിച്ചു.
ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ കണ്ടെത്തിയ പിന്നാക്കവിഭാഗങ്ങളുടെ സംവരണനഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2006ൽ ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാനനാളുകളിൽ രൂപപ്പെടുത്തിയ എൻ.സി.എ നിയമനചട്ടങ്ങളടക്കമുള്ള സംവരണപാക്കേജിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ ബി.പി.എൽ കുടുംബത്തിലെ വിദ്യാർഥികൾക്ക് 10 ശതമാനം വിദ്യാഭ്യാസപ്രവേശനത്തിന് നീക്കിെവച്ച ഉത്തരവ് ചോദ്യംചെയ്ത് അദ്ദേഹം ഫയൽ ചെയ്ത കേസ് 10 വർഷത്തിലധികമായി സുപ്രീംകോടതിയിൽ പൊടിപിടിച്ചുകിടക്കുകയാണ്.
മധ്യകേരളത്തിലെ പിന്നാക്കവിഭാഗങ്ങൾക്കും മഹല്ല് ജമാഅത്തുകൾക്കും പൂക്കുഞ്ഞിെൻറ വിയോഗം തീരാനഷ്ടമാണ്. 10 ശതമാനം വിദ്യാഭ്യാസസംവരണത്തിനു പുറമെ മുന്നാക്കക്കാർക്ക് ഉദ്യോഗസംവരണത്തിനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംവരണസമുദായമുന്നണിയുടെ നേതൃത്വത്തിൽ ഒക്ടോബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ മുപ്പതോളം പിന്നാക്കസംഘടനകൾ നടത്തിയ സമരപരിപാടിക്കിടെ ഉദ്യോഗസംവരണചട്ടത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയ വാർത്തയറിഞ്ഞ് ഒരു രാത്രി പിന്നിടുന്നതിനുമുമ്പേ സംവരണസമൂഹങ്ങളുടെ മുന്നണിപ്പോരാളി വിടപറഞ്ഞത് എന്തുകൊണ്ടും സംവരണ സമൂഹങ്ങൾക്കും മുസ്ലിം മഹല്ലുകൾക്കും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. പരേതാത്മാവിനും സന്തപ്തകുടുംബത്തിനുംവേണ്ടി പ്രാർഥിക്കാനേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.