വഖഫ് ബോർഡിന് ഏത് ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാമെന്ന പ്രചാരണം ദുഷ്ടലാക്ക് -അഡ്വ. ബി.എം. ജമാൽ
text_fieldsകൊച്ചി: വഖഫ് ആധാരമില്ലാത്ത, സർക്കാർ രേഖയിൽ വഖഫായി പറയാത്ത ഒരു വസ്തുവും വഖഫാകില്ലെന്നിരിക്കെ ഏത് ഭൂമിക്ക് മേലും വഖഫ് ബോർഡിന് അവകാശമുന്നയിക്കാൻ അവസരം കൈവരുമെന്ന ചിലരുടെ പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് വഖഫ് ബോർഡ് മുൻ സി.ഇ.ഒ അഡ്വ. ബി.എം. ജമാൽ. മുനമ്പം വർഗീയവും സങ്കീർണവുമായ വിഷയമാക്കി വളർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നതിൽ അവിടെ ഭൂമി സ്വന്തമാക്കിയ ചില വൻകിടക്കാരുടെ പങ്ക് കാണാതെ പോകരുത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഭൂമി വീണ്ടെടുക്കാൻ നടപടി സ്വീകരിച്ച വഖഫ് ബോർഡിന് ഇനി പിന്നോട്ട് പോകാനാകില്ല. വഖഫ് സ്വത്ത്, ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം സർക്കാറിന് ഏറ്റെടുക്കാം. മുനമ്പത്തെ ഭൂമി അപ്രകാരം ഏറ്റെടുത്ത് താമസക്കാരുടെ രേഖകൾക്ക് നിയമസാധുത നൽകുകയും പകരം ഭൂമി വഖഫിന് നൽകുകയുമാണ് വേണ്ടതെന്നും അഡ്വ. ബി.എം. ജമാൽ വ്യക്തമാക്കി.
മുനമ്പത്തെ സ്ഥലം രജിസ്റ്റർ ചെയ്തുകിട്ടിയത് ക്രയവിക്രയ അധികാരത്തോടെ -ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി
കൊച്ചി: വഖഫ് സ്വത്ത് വിൽപന നടത്തി എന്ന കമീഷൻ കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്ന് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി ‘മാധ്യമ’ത്തോട് പറഞ്ഞു. 1950ൽ ക്രയവിക്രയാധികാരത്തോടുകൂടിയാണ് കോളജ് കമ്മിറ്റിക്ക് സ്ഥലം രജിസ്റ്റർ ചെയ്തുകിട്ടിയത്. ആധാര നിബന്ധനകളനുസരിച്ച് അതൊരു ദാനാധാരം മാത്രമാണ്.
404 ഏക്കറിൽ 300 ഏക്കർ കായലിലും അറബിക്കടലിലും പെട്ട് കിടക്കുന്നതും അറബിക്കടലിന്റെ ഭാഗമായി സർക്കാർ സർവേ ചെയ്തിട്ടുള്ളതുമാണ്. അത് ദുർബലപ്പെടുത്താൻ കോളജ് നിയമനടപടികൾ സ്വീകരിച്ചു. ഈ സ്ഥലത്ത് സർക്കാർ ചെലവിൽ തെക്കുവടക്കായി കടൽഭിത്തി കെട്ടി വേർതിരിച്ചിട്ടുണ്ട്. കുടിയാന്മാരും കുടികിടപ്പുകാരും കൈയേറ്റക്കാരും ഉൾപ്പെടെ 400ഓളം പേരുടെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങൾ ഒരുനിലക്കും ഒഴിപ്പിച്ചെടുക്കാൻ സാധ്യമല്ലാത്ത അവസ്ഥയിൽ മധ്യസ്ഥ തീരുമാനപ്രകാരം മുൻ കൈവശത്തെത്തുടർന്ന് അവർക്കുതന്നെ ആധാരം രജിസ്റ്റർ ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. കോളജ് ഭരണസമിതി ഭൂമി ആർക്കും അനധികൃതമായി കൈമാറിയിട്ടില്ല -കമ്മിറ്റി അറിയിച്ചു.
സർക്കാർ നിർദേശം കാത്തിരിക്കുന്നു -വഖഫ് ബോർഡ് ചെയർമാൻ
കുടുംബങ്ങളെ ആരെയും കുടിയിറക്കാൻ നിലവിൽ നോട്ടീസ് നൽകിയിട്ടില്ലെന്നും ചില കച്ചവട സ്ഥാപനങ്ങൾക്കാണ് പ്രാഥമികമായി നോട്ടീസ് നൽകിയതെന്നും വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. കുടുംബങ്ങളുടെ വിശദമായ കണക്ക് കിട്ടിയിട്ടില്ല. ആധാരങ്ങളിൽ വഖഫാണെണ് പറയുന്നുണ്ട്. ഇതിന്റെ നിയമപരമായ വ്യാഖ്യാനങ്ങളും തീർപ്പും നടത്തേണ്ടത് കോടതിയാണ്. 28ാം തീയതിയിലെ ഉന്നതതല യോഗത്തിൽ സർക്കാർ എന്തെങ്കിലും നിർദേശം മുന്നോട്ടുവെക്കുന്നുണ്ടോ എന്നുകൂടി കാത്തിരിക്കുകയാണ്. ഇൗ വിഷയത്തിൽ വസ്തുതകൾ മറന്നുകൊണ്ടുള്ള ഒളിച്ചോട്ടം ശരിയല്ല -അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് അവകാശവാദം ഉപേക്ഷിക്കണം - മുനമ്പം ഭൂസംരക്ഷണ സമിതി കൺവീനർ
ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ തങ്ങളുടെ അവകാശവാദം ഉപേക്ഷിച്ച് വഖഫ് ബോർഡ് സത്യവാങ്മൂലം നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. ഭൂമി വഖഫ് സ്വത്തല്ല. 442 ക്രിസ്ത്യൻ കുടുംബങ്ങളും 100 ഹിന്ദുകുടുംബങ്ങളുമടക്കം 610 കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. കരം സ്വീകരിക്കുന്നതിനെതിരെ ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ചിൽ ഹരജി വന്നപ്പോൾ, അവിടെയുള്ളത് ഫാറൂഖ് കോളജ് മാനേജ്മെന്റ് 1989 മുതൽ 1993 വരെ ഒപ്പിട്ടു നൽകിയ 218 ആധാരങ്ങൾ പ്രകാരം സർവവിധ അവകാശങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന തീരദേശ ജനതയാണെന്നും ബാങ്ക് വായ്പയെടുത്തും മറ്റും വാങ്ങിയ ഭൂമി അവർക്ക് അവകാശപ്പെട്ടതാണെന്നുമാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇത് അംഗീകരിച്ചാണ് അന്ന് സിംഗ്ൾ ബെഞ്ച് കരമടക്കാൻ അനുവദിച്ചത്. ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ തങ്ങളുടെ അവകാശവാദം ഉപേക്ഷിച്ച് വഖഫ് ബോർഡ് സത്യവാങ്മൂലം നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും -അദ്ദേഹം പറഞ്ഞു.
മുതലെടുക്കാൻ ബി.ജെ.പി കാത്തിരിക്കുന്നു -പാസ്കൽ ജോസഫ്
വിവിധ സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള വ്യക്തമായ അജണ്ട മുന്നിൽ വെച്ചുള്ള കുപ്രചാരണങ്ങളാണ് മുനമ്പം വിഷയത്തിൽ ബി.ജെ.പി നടത്തുന്നതെന്ന് സാമൂഹിക പ്രവർത്തകൻ പാസ്കൽ ജോസഫ് പറഞ്ഞു. ഇത്തമൊരു പ്രശ്നത്തിന് കോടതി വ്യവഹാരങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും എന്നിരിക്കെ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി കോടതിക്ക് പുറത്ത് നീതിപൂർവകമായ പരിഹാരം കാണുകയാണ് വേണ്ടത്. അവിടത്തെ താമസക്കാരുടെയെല്ലാം താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഭാവിയിൽ ഇതേചൊല്ലി വീണ്ടും തർക്കത്തിനും മുതലെടുപ്പിനുമുള്ള സാധ്യത ഇല്ലാതാക്കുന്ന വിധത്തിലാകണം പരിഹാരം. തങ്ങൾക്ക് സ്വാധീനം കുറവുള്ള കേരളമടക്കം സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ കുത്തിപ്പൊക്കാൻ ബി.ജെ.പി കാത്തിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കുന്നതിന് മുഴുവൻ മുസ്ലിം സംഘടനകളും എതിര് -മഹല്ല് പ്രതിനിധിസംഘം
വൈപ്പിൻ: ഭൂമിയുടെ റവന്യൂ സംരക്ഷണം ആവശ്യപ്പെട്ട് സമരരംഗത്തുള്ള മുനമ്പം സമരനേതാക്കളുടെ ക്ഷണം സ്വീകരിച്ച് പറവൂർ വൈപ്പിൻ മേഖല മഹല്ല് ഐക്യവേദി പ്രതിനിധിസംഘം സമരപ്പന്തൽ സന്ദർശിച്ചു. വഖ്ഫ് സ്വത്തിന്റെ സംരക്ഷണം ഗൗരവപ്പെട്ടതാണെന്നും എന്നാൽ, മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കുന്നതിന് മുഴുവൻ മുസ്ലിം സംഘടനകളും എതിരാണെന്നും സമരസമിതി നേതാക്കളുമായുള്ള ചർച്ചയിൽ പ്രതിനിധിസംഘം വ്യക്തമാക്കി.
വില കൊടുത്ത് ഭൂമി വാങ്ങിയവരുടെ റവന്യൂ അവകാശം സംരക്ഷിക്കപ്പെടണമെന്നും സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമരത്തിന്റെ മറവിൽ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമത്തെ എല്ലാവരും തിരിച്ചറിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുൻ എം.എൽ.എ ടി.എ. അഹമ്മദ് കബീർ, ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി, ഞാലകം ജുമാമസ്ജിദ് ഇമാം സുലൈമാൻ മൗലവി, എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, എടവനക്കാട് മഹല്ല് ഇമാം മുഹമ്മദ് സലീം നദ്വി, മാഞ്ഞാലി ഇമാം സമീർ അൽഹസനി, മഹല്ല് ഐക്യവേദി നേതാക്കളായ കെ.ബി. കാസിം, കെ.കെ. ജമാലുദ്ദീൻ, ഇ.കെ. അഷ്റഫ് എന്നിവരടങ്ങുന്ന സംഘത്തെ ഫാ. ആന്റണി തറയിൽ, ജോസഫ് ബെന്നി, സെബാസ്റ്റ്യൻ, സുനിൽ ചൂതംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.