അഡ്വ. സി.കെ. ശ്രീധരന് തിരിച്ചടി
text_fieldsകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത കാഞ്ഞങ്ങാട്ടെ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരനും സി.ബി.ഐ കോടതി വിധി തിരിച്ചടിയായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇടഞ്ഞ സി.കെ. ശ്രീധരനെ സി.പി.എം അടർത്തിയെടുത്ത് പ്രതികളുടെ കേസ് ഏൽപിക്കുകയായിരുന്നു. ഏറ്റെടുക്കുന്നതിനുമുമ്പ് കോൺഗ്രസിലായിരിക്കെ സി.കെ. ശ്രീധരൻ കേസ് സംബന്ധിച്ച് കോൺഗ്രസിന്റെ നിയമോപദേശകന്റെ റോളിലായിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി കേസ് പഠിച്ചശേഷമാണ് മറുപക്ഷത്ത് ചേർന്നതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഈ ‘ചതി’ ഇന്നലെയും കുടുംബം ആവർത്തിച്ച് ഉന്നയിച്ചു.
പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി.പി.എം നിർദേശപ്രകാരമല്ലെന്നും കേസിൽ ഹാജരാകുമ്പോൾ രാഷ്ട്രീയം നോക്കാറില്ലെന്നും കേസ് ഏൽപിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് കടമയെന്നും പറഞ്ഞായിരുന്നു ശ്രീധരൻ കേസ് ഏറ്റെടുത്തത്. എന്നാൽ, കേസിൽ പ്രധാന പ്രതികളടക്കം ഭൂരിഭാഗം പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി.
ചീമേനി കേസിൽ പ്രശസ്തി നേടിയ സി.കെ. ശ്രീധരൻ, കല്യോട്ട് കേസിലൂടെ കുപ്രസിദ്ധി നേടിയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചു. ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പ്രകാശനം ചെയ്യിച്ചാണ് ഇടതുപക്ഷവുമായി ശ്രീധരൻ അടുത്തത്.
കേസ് നടത്താൻ സി.പി.എം കീഴ്ഘടകങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിരുന്നു. സി.കെ വാദിക്കുന്നതോടെ പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പുനൽകിയാണ് ഫണ്ട് ശേഖരിച്ചതെന്ന് സി.പി.എം വൃത്തങ്ങൾ പറയുന്നു. കേസ് വിജയിക്കുന്ന പക്ഷം ശ്രീധരന് വലിയ പദവികൾ കരുതിവെച്ചതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.