ഹാരിസ് ബീരാൻ: നിയമപോരാട്ടങ്ങളിലെ ക്രിയാത്മക സാന്നിധ്യം
text_fieldsതിരുവനനന്തപുരം: പിന്നാക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി ഡൽഹി കേന്ദ്രീകരിച്ചുള്ള നിയമപോരാട്ടങ്ങളിൽ സജീവസാന്നിധ്യമാണ് മുസ്ലിം ലീഗ് രാജ്യസഭ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാൻ.
ഡൽഹി കെ.എം.സി.സി പ്രസിഡന്റ് കൂടിയായ ഹാരിസ് കാൽ നൂറ്റാണ്ടായി രാജ്യ തലസ്ഥാനത്ത് സ്ഥിരംതാമസമാക്കി പ്രവർത്തിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ മുസ്‌ലിംലീഗിനുവേണ്ടി സുപ്രീംകോടതിയിൽ നിലകൊണ്ട ഹാരിസ് എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.
മഹാരാജാസ് കോളജിൽ എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളജിലും എം.എസ്.എഫ് പ്രവർത്തകനായിരുന്ന ഹാരിസ് ബീരാൻ 1998ൽ ആണ് ഡൽഹി തട്ടകമാക്കുന്നത്. 2011 മുതൽ ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തിൽ മുസ്‌ലിം ലീഗിന്റെ സംഘാടനത്തിനുവേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്.
ഡൽഹി കലാപം ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരകൾക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു. അബ്ദുന്നാസിർ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിനുള്ള നിയമപോരാട്ടങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. കപിൽ സിബലടക്കം മുതിർന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമയുദ്ധത്തിലും സജീവ ഇടപെടൽ നടത്തി.
മുസ്‌ലിം ലീഗിന്റെ പേര് മാറ്റണമെന്ന ഹരജിക്കെതിരെയും മുത്തലാഖ് ബിൽ, ഹിജാബ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും നടത്തിയ നിയമപരമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിനുവേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും നിയമ ഇടപെടലുകൾ നടത്തുന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറാണ്. ബാബരി മസ്ജിദ്, സംവരണം തുടങ്ങിയ കേസുകളിൽ ഇടപെട്ട നിയമവിദഗ്ധനും മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായ വി.കെ. ബീരാന്‍റെ മകനാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ: മജ്ദ ത്വഹാനി. മക്കൾ: അൽ റയ്യാൻ, അർമാൻ.
ഭരണഘടന സംരക്ഷിക്കാൻ നിലകൊള്ളും –ഹാരിസ് ബീരാൻ
തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുന്നതിന് ശക്തമായി നിലയുറപ്പിക്കുമെന്ന് മുസ്ലിം ലീഗ് രാജ്യസഭ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാൻ. ഭരണഘടന സംരക്ഷിക്കാനായാൽ മറ്റൊന്നും പേടിക്കേണ്ടതില്ലെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.