മുഖ്യമന്ത്രിയെ സന്ദർശിച്ച് ഹാരിസ് ബീരാന്റെ ഉറപ്പ്: ‘ഡൽഹിയിൽ കേരളത്തിന്റെ ഏതാവശ്യത്തിനും കൂടെയുണ്ടാകും’
text_fieldsതിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ പുതിയ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
തന്റെ പ്രവർത്തന മേഖല ഡൽഹിയിലായതിനാൽ കേരളത്തിന്റെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഏതൊരാവശ്യത്തിനും കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും രാജ്യസഭാംഗമെന്ന നിലയിൽ പരമാവധി ശ്രമിക്കും. ഡൽഹി മലയാളി എന്ന നിലയിൽ തലസ്ഥാനത്ത് കേരളത്തിന്റെ ഏതൊരാവശ്യത്തിനും കൂടെയുണ്ടാകും. ജൂലൈ രണ്ടിന് നടക്കുന്ന സത്യപ്രതിജ്ഞക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. പി.കെ. ബഷീർ എം.എൽ.എയും കൂടെയുണ്ടായിരുന്നു.
വൈകീട്ട് പൂജപ്പുര ജില്ല ജയിലിലെത്തിയ ഹാരിസ് ബീരാൻ പ്ലസ് ടു സീറ്റ് സമരത്തെ തുടർന്ന് അറസ്റ്റിലായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജന. സെക്രട്ടറി സി.കെ. നജാഫ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചു. ഉന്നത മാർക്കോടെ വിജയിച്ചിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാർഥികൾ മലബാറിന്റെ ദുഃഖമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാർഥി പക്ഷത്ത് ഉറച്ച് നിന്ന് സമരമുഖത്തുള്ള എം.എസ്.എഫിന് അഭിവാദ്യം നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.