ഇത്രയും നാൾ താങ്കൾ അവർക്ക് ഭൂമാഫിയ ആയിരുന്നു, മാധ്യമങ്ങൾക്ക് ഇര കൊടുക്കരുത് -അൻവറിനോട് കെ. അനിൽകുമാർ
text_fieldsകോട്ടയം: സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കി യുദ്ധമുഖം തുറന്ന പി.വി. അൻവറിന് താക്കീതും ഉപദേശവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറിന്റെ കുറിപ്പ്. മാധ്യമങ്ങളുടെ ഇരയാകരുത്, മാധ്യമങ്ങൾക്ക് ഇര കൊടുക്കുകയുമരുത് എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പിൽ അൻവറിനെതിരെ മുമ്പ് ഉയർന്ന ആക്ഷേപങ്ങൾ എണ്ണിപ്പറയുന്നുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം പാർട്ടിയും മുഖ്യമന്ത്രിയും അൻവറിനൊപ്പം നിലകൊണ്ടുവെന്നും അതിന്റെ പേരിൽ ഈ കാലമത്രയും വേട്ടയാടപ്പെട്ടുവെന്നും അനിൽകുമാർ പറയുന്നു.
‘പി.വി. അൻവറിനോടാണ്: മാധ്യമങ്ങളുടെ ഇരയാകരുത്, മാധ്യമങ്ങൾക്ക് ഇര കൊടുക്കുകയുമരുത്. താങ്കളെ റാഞ്ചാൻ താല്പര്യമുള്ള വലതുപക്ഷം വലവിരിച്ചു കഴിഞ്ഞു. മുഖ്യമന്തി ഒരു പത്രസമ്മേളനം നടത്തിയ നിലക്ക് അല്പം കൂടി താങ്കൾക്ക് കാത്തിരിക്കാമായിരുന്നു. വീണ്ടും മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് വലതുപക്ഷക്കാരിൽ നല്ല പ്രതീക്ഷ വളർത്തി.
ഇത്രയും നാൾ താങ്കൾ അവർക്ക് ഭൂമാഫിയ ആയിരുന്നു. ഇത്രയും നാൾ താങ്കൾ അവർക്ക് പരിസ്ഥിതിനാശം വരുത്തുന്ന കൊള്ളക്കാരനായിരുന്നു. ഇത്രയും നാൾ താങ്കൾ അവർക്ക് സഹ്യപർവതത്തിലെ വെള്ളമൂറ്റുകാരനായിരുന്നു. ഇത്രയും നാൾ താങ്കൾക്ക് അവർ ചാരിത്തരാത്ത വിദ്വേഷ പട്ടങ്ങൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് അവറുകളിൽ അമ്പതെണ്ണമെങ്കിലും താങ്കൾക്കെതിരായിരുന്നു.
മാധ്യമങ്ങളാകെ താങ്കൾക്കെതിരെ പടകൂടിയപ്പോൾ ഇടതുപക്ഷവും മുഖ്യമന്ത്രിയും താങ്കൾക്കൊപ്പം നിലകൊണ്ടതിൽ ഈ കാലമത്രയും അതിൻ്റെ പേരിലും വേട്ടയാടപ്പെട്ടു. താങ്കളെ കൈവിടാത്തതിന്റെ പേരിൽ.
അതെ, ആരൊക്കെ ആരവമിട്ടിട്ടും താങ്കൾക്കൊപ്പം നിലയുറപ്പിച്ചത് താങ്കൾക്കെതിരെ പടകൂടിയ വലതുപക്ഷത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമായതിനാലാണ്. അതിനാൽ മാത്രം താങ്കൾക്കൊപ്പം ഇടതുപക്ഷവും വേട്ടയാടപ്പെട്ടു. അപ്പോഴും താങ്കളെ തള്ളാനല്ല ഇടതുപക്ഷം ശ്രമിച്ചത്. രാഷ്ട്രീയ നിലപാടുകൾ വേണം. എന്നാൽ യുദ്ധങ്ങൾ വ്യക്തിപരമാകരുത്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പൂർത്തീകരിക്കട്ടെ.. താങ്കൾ ഉന്നയിച്ച വസ്തുതകളും തെളിവുകളും നിയമാനുസരണം മാത്രമല്ലേ സർക്കാരിന് കൈകാര്യം ചെയ്യാനാകൂ. പാർട്ടിയംഗംങ്ങൾക്ക് പാർട്ടി വേദികളിൽ പരാതികൾക്ക് പരിഹാരമുണ്ട്.. പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ ഒരാൾക്ക് ഈ മുന്നണിയോട് സംസാരിക്കാൻ മാധ്യമങ്ങളുടെ ഇടനില ആവശ്യമില്ലല്ലോ’ -അനിൽകുമാർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.