മുൻ അഡ്വക്കറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു
text_fieldsകൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും സീനിയർ അഭിഭാഷകനുമായ കെ.പി. ദണ്ഡപാണി അന്തരിച്ചു. 79 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായിരുന്നു. എറണാകുളം ടി.ഡി റോഡിലെ വസതിയായ ‘തൃപ്തി’യിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു മരണം. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം വ്യാഴാഴ്ച എറണാകുളം മെഡിക്കൽ കോളജിന് കൈമാറും. ഹൈകോടതിയിലെ സീനിയർ അഭിഭാഷക സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കൾ: മിട്ടു (ആസ്ട്രേലിയ), ഹൈകോടതി അഭിഭാഷകൻ മില്ലു. മരുമക്കൾ: മനോജ് ഗോപാലൻ, അർച്ചന.
എറണാകുളം ചിറ്റൂർ റോഡ് ഭാരത് നിവാസിൽ പരേതരായ വി.കെ. പത്മനാഭൻ - എം.കെ. നാരായണി ദമ്പതികളുടെ മകനാണ്. 2011-16ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്താണ് അഡ്വക്കറ്റ് ജനറലായിരുന്നത്. 1996ൽ കേരള ഹൈകോടതി ജഡ്ജിയായെങ്കിലും പിന്നാലെ ഗുജറാത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് രാജിവെച്ച് അഭിഭാഷകവൃത്തിയിൽ തുടർന്നു. 1972ൽ ദണ്ഡപാണി അസോഷ്യേറ്റ്‌സ് എന്ന അഭിഭാഷക സ്ഥാപനത്തിനും തുടക്കം കുറിച്ചു.
എറണാകുളം സെന്‍റ് ആൽബർട്സ് സ്കൂൾ, സെന്‍റ് ആൽബർട്സ് കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയശേഷം 1968ൽ അഭിഭാഷകനായി എൻറോൾ ചെയ്ത് എസ്. ഈശ്വര അയ്യർക്ക് കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. പവർഗ്രിഡ് കോർപറേഷൻ, ലീല ഗ്രൂപ്, കോഴിക്കോട് എൻ.ഐ.ടി, ജി.സി.ഡി.എ, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, ഫെഡറൽ ബാങ്ക്, ആ.ബി.ഐ, കേരള ബിവറേജസ് കോർപറേഷൻ, കിറ്റെക്സ്, ഗുരുവായൂർ ദേവസ്വം തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും സ്റ്റാൻഡിങ് കോൺസലുമായിരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു
മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ വിയോഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ വിദഗ്ധനായിരുന്ന അദ്ദേഹമാണ് ഇറ്റാലിയന്‍ കപ്പല്‍ കേസ് വാദിച്ച് വിജയിപ്പിച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍, മുല്ലപ്പെരിയാര്‍ കേസ് തുടങ്ങിയവയിലൊക്കെ അദ്ദേഹത്തിന്റെ അഭിഭാഷക മികവ് തെളിയിക്കപ്പെട്ടു. വരുംതലമുറക്ക് അദ്ദേഹമൊരു പാഠപുസ്തകമാണെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.