മലപ്പുറത്ത് എം.ബി ഫൈസൽ ഇടത് സഥാനാർഥി
text_fieldsമലപ്പുറം: ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറും മലപ്പുറം ജില്ല പഞ്ചായത്ത് അംഗവുമായ എം.ബി. ഫൈസൽ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും.
മലപ്പുറത്ത് ചേർന്ന സി.പി.എം ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾക്കും എൽ.ഡി.എഫ് യോഗത്തിലെ കൂടിയാലോചനക്കും ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിച്ചതോടെ ചിത്രം തെളിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയായി പി.കെ. കുഞ്ഞാലിക്കുട്ടി, എൽ.ഡി.എഫിെൻറ എം.ബി. ഫൈസൽ, ബി.ജെ.പിയുടെ എൻ. ശ്രീപ്രകാശ് എന്നിവർ തമ്മിലാകും പ്രധാന മത്സരം.
ഉപതെരഞ്ഞെടുപ്പ് പത്തുമാസത്തെ എൽ.ഡി.എഫ് സർക്കാറിെൻറ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞു. യു.ഡി.എഫ് തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയതലത്തിലേക്ക് കൂടുമാറുന്നത്. കേരളത്തിൽ യു.ഡി.എഫിന് പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. യു.ഡി.എഫിെൻറ തകർച്ചക്ക് ഉപതെരഞ്ഞെടുപ്പ് ആക്കം കൂട്ടും. ശക്തമായ രാഷ്ട്രീയ സമരമാകും ഇൗ തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച മലപ്പുറത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേരുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാറിനും ഫാഷിസത്തിനുമെതിരെയുമുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് സ്ഥാനാർഥി എം.ബി. ഫൈസൽ പറഞ്ഞു. എടപ്പാൾ വട്ടംകുളം മേലേതിൽ ബീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് 36കാരനായ എം.ബി. ഫൈസൽ. ചങ്ങരംകുളം ഡിവിഷനിൽനിന്നാണ് ജില്ല പഞ്ചായത്ത് അംഗമായത്. സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എൽ.എൽ.ബിയും ജേണലിസവും പൂർത്തിയാക്കിയിട്ടുണ്ട്. ഭാര്യ: അധ്യാപികയായ സയ്യിദ ഷെറിൻ. മക്കൾ: ഫിദൽ റോഷ്, ഫിൽസ ഹോസ്നി.
പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച പത്രിക സമർപ്പിക്കും. മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവെൻഷനുകൾ തുടങ്ങി. യു.ഡി.എഫ് ലോക്സഭ മണ്ഡലം കൺവെൻഷൻ തിങ്കളാഴ്ച മലപ്പുറത്ത് നടക്കും.
ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നും യുവജനങ്ങളുടെ കൂടുതൽ വോട്ട് സമ്പാദിക്കാനാകുമെന്നുമാണ് സി.പി.എം കണക്കുകൂട്ടൽ. 21ന് മലപ്പുറത്ത് നടക്കുന്ന എൽ.ഡി.എഫ് കൺവെൻഷനോടെ പ്രചാരണം കൊഴുക്കും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനോട് മത്സരിച്ച എൻ. ശ്രീപ്രകാശിനെ തന്നെയാണ് ഇത്തവണയും ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.