ഹാട്രിക് വിജയവുമായി ഷംസുദ്ദീൻ
text_fieldsസബീറലി മണ്ണാർക്കാട്
മണ്ണാർക്കാട്: മണ്ണാർക്കാട് മണ്ഡലത്തിലെ ചരിത്രം തിരുത്തി തുടർച്ചയായി മൂന്നാം തവണയും വെന്നിക്കൊടി പാറിച്ച് അഡ്വ. എൻ. ഷംസുദ്ദീൻ 5870 വോട്ടിെൻറ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരളമാകെ ഇടത് തരംഗത്തിൽ യു.ഡി.എഫ് മുങ്ങിയ സമയത്താണ് മണ്ണാർക്കാട് ഷംസുദ്ദീൻ ഹാട്രിക് നേടിയത്. വോട്ടെണ്ണലിെൻറ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെ ഭൂരിപക്ഷം നിലനിർത്തി.
ആകെ പോൾ ചെയ്ത 1,52,102 വോട്ടിൽ പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 71,657 വോട്ടുകൾ ഷംസുദ്ദീൻ നേടി. ഇടതുമുന്നണി സ്ഥാനാർഥി കെ.പി. സുരേഷ് രാജ് 65,787 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി നസീമ 10,376 വോട്ടും കരസ്ഥമാക്കി. മണ്ഡലത്തിൽ കാര്യമായി വോട്ടുകൾ പിടിക്കുമെന്ന് കരുതിയ സ്വതന്ത്ര സ്ഥാനാർഥി ജയിംസ് മാസ്റ്റർക്ക് ആയിരം വോട്ട് തികക്കാനായില്ല. 11 സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിൽ 760 വോട്ട് നേടി നോട്ട സ്വാതന്ത്രന്മാർക്കും മുകളിൽ വന്നു. ആകെയുള്ള 2,564 പോസ്റ്റൽ വോട്ടുകളിൽ ഷംസുദ്ദീൻ 43 വോട്ടിെൻറ ലീഡ് നേടി.
2016 നിയമസഭ, 2019 ലോക്സഭ, 2020 ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യു.ഡി.എഫിന് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടുനില മെച്ചപ്പെടുത്തിയെങ്കിലും ജില്ല പഞ്ചായത്ത് കണക്കിൽനിന്ന് നേരിയ കുറവ് വന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഇരുമുന്നണികളും നാലുവീതം പഞ്ചായത്തുകളിൽ ലീഡ് ചെയ്തു. യു.ഡി.എഫ് അലനല്ലൂർ -4123, കോട്ടോപ്പാടം -3006, കുമരംപുത്തൂർ -723, മണ്ണാർക്കാട് നഗരസഭ -2650 വോട്ടുകൾക്ക് മുന്നിട്ടു നിന്നു. ഇടതുമുന്നണി തെങ്കര -473, അഗളി -2142, പുതൂർ -831, ഷോളയൂർ -1229 വോട്ടുകൾക്ക് മുന്നിട്ടുനിന്നു. എൻ.ഡി.എ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി.
2016 ൽ മുന്നണിയിൽ മത്സരിച്ച ബി.ഡി.ജെ.എസ് 10170 വോട്ടാണ് നേടിയിരുന്നത്. ഇത്തവണ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി നസീമ 10376 വോട്ടുകൾ കരസ്ഥമാക്കി. എന്നാൽ, ലോക്സഭയിലേക്കും ജില്ല പഞ്ചായത്തിലേക്കും ബി.ജെ.പി സ്ഥാനാർഥികൾ നേടിയ വോട്ടുകൾ ഘടകകക്ഷിക്ക് ലഭിച്ചില്ല. ലോക്സഭയിലേക്ക് 18,560 വോട്ടും ജില്ല പഞ്ചായത്തിലേക്ക് 18,538 വോട്ടും ബി.െജ.പി നേടിയിരുന്നു.
2011ലും 2016ലും കഴിഞ്ഞ ലോക്സഭ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നേടിയ ഭൂരിപക്ഷം നേടാനായില്ലെങ്കിലും ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ ഷംസുദ്ദീെൻറ വിജയം മികവുള്ളതാണ്. പോളിങ് ശതമാനം മൂന്ന് ശതമാനത്തോളം കുറഞ്ഞതും ഇടതു തരംഗവും ചെറുതാണെങ്കിലും കേരള കോൺഗ്രസ് (മാണി) സ്വാധീനവും, ക്രിസ്തീയ വോട്ടുകളിലെ അകൽച്ചയും ഒരു പരിധിവരെ ഭൂരിപക്ഷം കുറയുന്നതിനിടയാക്കിയിട്ടുണ്ട്.
കണ്ഠമിടറി നന്ദി പറഞ്ഞ് ഷംസുദ്ദീൻ
മണ്ണാർക്കാട്: മൂന്നാം തവണയും മണ്ണാർക്കാട് വിജയം കരസ്ഥമാക്കിയ ഷംസുദ്ദീൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് മുമ്പിൽ വികാരാധീതനായി. മണ്ഡലത്തിെൻറ വികസനം രാഷ്ട്രീയം നോക്കാതെ നടപ്പാക്കിയതിെൻറ ഫലമാണ് ഹാട്രിക് വിജയമെന്ന് ഷംസുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.