ഗോലിയാത്തിനെ വീഴ്ത്തിയത് ദാവീദല്ല; ഫ്രാൻസിസ്
text_fieldsആലപ്പുഴ: കമ്യൂണിസ്റ്റ് കോട്ടയായ മാരാരിക്കുളത്ത് 1996ൽ വി.എസ്. അച്യുതാനന്ദെനതിരെ യു.ഡി.എഫ് സ്ഥാനാർഥിയായി പി.ജെ. ഫ്രാൻസിസിനെ കോൺഗ്രസ് തീരുമാനിച്ചപ്പോൾ കേരളത്തെ ഞെട്ടിക്കുന്ന ഫലമായിരിക്കും അതെന്ന് ആരും കരുതിയില്ല.
1991ൽ 9980 വോട്ടുകൾക്ക് കോൺഗ്രസ് നേതാവ് ഡി. സുഗതനെ പരാജയപ്പെടുത്തിയ വി.എസിന് അടിതെറ്റുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, പലരും അടക്കം പറഞ്ഞത് മുൻനിർത്തി തനിക്ക് ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ലെന്ന് അഡ്വ. പി.ജെ. ഫ്രാൻസിസ് ഓർക്കുന്നു.
ആലപ്പുഴ കോൺവെൻറ് സ്ക്വയറിലെ പള്ളിക്കത്തയ്യിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിെൻറ 84ാം ജന്മദിനമായിരുന്നു കഴിഞ്ഞ 19ന്.
1987ലും 91ലും അരൂരിൽ കെ.ആർ. ഗൗരിയമ്മയോട് ഏറ്റുമുട്ടി പരാജയപ്പെട്ട പി.ജെ. ഫ്രാൻസിസിനെ മൂന്നാം അങ്കത്തിനായി പാർട്ടി കണ്ടെത്തിയത് ജന്മദേശമായ പൊള്ളേതൈ ഉൾപ്പെടുന്ന മാരാരിക്കുളത്തായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പ്രഫ. എ.വി. താമരാക്ഷൻ ജയിച്ചതൊഴിച്ചാൽ മാരാരിക്കുളം മണ്ഡലം എക്കാലത്തും ഇടതുപക്ഷത്തോടൊപ്പമായിരുന്നു. പിന്നീട് താമരാക്ഷൻ തന്നെ ഇടത് ടിക്കറ്റിൽ മാരാരിക്കുളത്തുനിന്ന് എം.എൽ.എയായി.
തുടർച്ചയായി തോറ്റയാൾ എന്ന നിലയിൽ തനിക്ക് ലഭിച്ച സഹതാപ പ്രതിച്ഛായയിൽ ഉപരി വി.എസ്. അച്യുതാനന്ദൻ സ്വീകരിച്ചുപോന്ന സ്വതസിദ്ധമായ ധാർഷ്ട്യവും അഹങ്കാരം നിറഞ്ഞ സമീപനവുമാണ് 1965 വോട്ടുകളുടെ പരാജയത്തിന് വഴിതെളിച്ചതെന്ന് ഫ്രാൻസിസ് വക്കീൽ പറയുന്നു. ''അണികളുടെ തന്നെ വോട്ടുകൾ അദ്ദേഹത്തിന് നഷ്ടമായി. പരാജയത്തിനുശേഷം സി.പി.എമ്മിലെ വിഭാഗീയത ശക്തമായി. ടി.കെ. പളനി, സി. ഭാസ്കരൻ എന്നിവരെ പോലെയുള്ള നേതാക്കൾ അച്ചടക്ക നടപടിക്ക് വിധേയരായി.
വി.എസ് അനിഷേധ്യനായ ജനനേതാവ് തന്നെയാണ്. അടിസ്ഥാന വർഗത്തിൽനിന്ന് സ്ഥിരപ്രയത്നംകൊണ്ട് ഉയർന്ന് മുഖ്യമന്ത്രി പദത്തിലടക്കം എത്തിയ അദ്ദേഹത്തിെൻറ കഴിവും വ്യക്തിപ്രഭാവവും ഒന്ന് വേറെതന്നെയാണ്.
അതേപോലെ കമ്യൂണിസ്റ്റ് പാർട്ടി നശിച്ചുകാണണമെന്ന് ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ നല്ല ഭരണമുണ്ടാകൂ. വി.എസിനെ പോലുള്ള േനതാക്കളും ആവശ്യമാണ്'' -പി.ജെ. ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.
വി.എസിനോടുള്ള ബഹുമാനത്തിന് ഒട്ടും കുറവില്ല. ഗൗരിയമ്മയെയും അദ്ദേഹത്തെയും പോലെ സി.പി.എമ്മിലെ സമുന്നതരും കരുത്തരുമായ നേതാക്കൾക്ക് എതിരെ മത്സരിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തുഷ്ടിയുമുണ്ട്.
സെൻറ് ജോസഫ്സ് വനിത കോളജിലെ ചരിത്ര പ്രഫസറായി വിരമിച്ച വി.പി. മറിയാമ്മയാണ് പി.ജെ. ഫ്രാൻസിസിെൻറ ഭാര്യ. രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.