അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ എൻ.എസ്.എസ് പ്രസിഡൻറ്
text_fieldsചങ്ങനാശ്ശേരി: അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായരെ നായർ സർവിസ് സൊസൈറ്റിയുടെ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുത്തു. നാലാം തവണയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. നായകസഭയിലേക്ക് ഒമ്പതുപേർ തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. എം. ശശികുമാർ (കാർത്തികപ്പള്ളി), ഹരികുമാർ കോയിക്കൽ (ചങ്ങനാശ്ശേരി), എം.എസ്. മോഹൻ (പൊൻകുന്നം), എം.എം. ഗോവിന്ദൻകുട്ടി (കണയന്നൂർ), ഡോ. ജി. ഗോപകുമാർ (കൊല്ലം), പി. നാരായണൻ (ഒറ്റപ്പാലം), പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ (ചേർത്തല), എ. സുരേശൻ (തൃശൂർ), ബാലകൃഷ്ണൻ നായർ (കാസർകോട്) എന്നിവരെയാണ് തെരഞ്ഞെടുത്തത്. നേരേത്ത ഉണ്ടായ ഒഴിവിലേക്ക് പ്രഫ. മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), പി.എൻ. സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ) എന്നിവരെ നാമനിർദേശം ചെയ്തിരുന്നു.
എന്‍.എസ്.എസിന് 132 കോടിയുടെ ബജറ്റ്
നായര്‍ സര്‍വിസ് സൊസൈറ്റിക്ക് 132 കോടി വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിഡിയോ കോണ്‍ഫറന്‍സിൽ അവതരിപ്പിച്ചു. മുന്‍ വര്‍ഷത്തെ ബജറ്റ് 131 കോടിയായിരുന്നു. 26.25 കോടി ക്യാപ്പിറ്റല്‍ ഇനങ്ങളിലും 105.74 കോടി റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റല്‍ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 45.30 കോടിയും റവന്യൂ ഇനങ്ങളില്‍ പ്രതീക്ഷിത ചെലവ് 86.69 കോടിയുമാണ്.
വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തുന്ന എന്‍ഡോവ്മെൻറുകള്‍, എന്‍.എസ്.എസ് പുവര്‍ എയ്ഡ് ഫണ്ട്, വര്‍ക്ക്സ് കോണ്‍ട്രാക്ടർമാരില്‍നിന്നും ജീവനക്കാരില്‍നിന്നും സ്റ്റാറ്റ്യൂട്ടറിയായി ഈടാക്കി സര്‍ക്കാറിലേക്ക് അടക്കേണ്ട നികുതികള്‍, വിവിധ പദ്ധതികള്‍ പ്രകാരമുള്ള ഗ്രാൻറ് തുകകള്‍, ലൈബ്രറി ആൻഡ് ലബോറട്ടറി, കെട്ടിടങ്ങളുടെ വാടക, തോട്ടങ്ങളിലെ ഉൽപന്നങ്ങളുടെ വിൽപന നികുതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹോസ്റ്റലുകളിലെയും കോഷന്‍ ഡെപ്പോസിറ്റ്, മെസ് ഡെപ്പോസിറ്റ് മുതലായവയാണ് ക്യാപ്പിറ്റല്‍ ഇനങ്ങളില്‍ പ്രതീക്ഷിച്ചിട്ടുള്ള പ്രധാന വരവ്.
എന്‍.എസ്.എസ് െഡവലപ്മെൻറ് ഫണ്ട് ഇനത്തില്‍ 17.30 ലക്ഷം രൂപ, സംഭാവന ഇനത്തില്‍ 30 ലക്ഷം, സാമൂഹിക ക്ഷേമനിധി ഇനത്തില്‍ 90 ലക്ഷം രൂപ, ബാങ്ക് പലിശ ഇനത്തില്‍ ഒരു കോടി 50 ലക്ഷം രൂപ, പബ്ലിക്കേഷന്‍ ഫണ്ട് ഇനത്തില്‍ രണ്ടുകോടി 50 ലക്ഷം രൂപ, സമാധിമണ്ഡപം കാണിക്ക ഇനത്തില്‍ 16 ലക്ഷം, വാടകയിനത്തില്‍ 60 ലക്ഷം എന്നിങ്ങനെ ജനറല്‍ ഭരണം വിഭാഗത്തിെൻറ ബജറ്റില്‍ വരവു പ്രതീക്ഷിക്കുന്നു.
രാവിലെ 9.30ഓടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്. പ്രസിഡൻറ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ. എം. ശശികുമാർ, റിട്ടേണിങ് ഓഫിസർ അഡ്വ. അനില്‍ ഡി. കര്‍ത്ത എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.