‘എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാൻ പേടിയില്ല’; ജി. സുധാകരനോടുള്ള സി.പി.എം അവഗണനക്കെതിരെ വനിത നേതാവ്
text_fieldsഅമ്പലപ്പുഴ: മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ സി.പി.എം അവഗണിക്കുന്നതിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്. ജി. സുധാകരനെ പിന്തുണച്ച് ഫേസ്ബുക്കിലായിരുന്നു കുറിപ്പ്.
‘സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്ന് അഭിമാനത്തോടെ ഉച്ചത്തിൽ വിളിച്ചുപറയാവുന്ന പേരുകളിൽ ഒന്നാമത് സഖാവ് ജി. സുധാകരൻ തന്നെയാണ്. ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലക്ക് ഇരുത്തിയാലും വെട്ടിക്കൂട്ടിയാലും അതുറക്കെ പറയാൻ പേടിയില്ല. സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോൾ മുട്ടുവിറക്കുന്നവർ വായിക്കാൻ’ എന്നായിരുന്നു സി.പി.എം ജനപ്രതിനിധിയുടെ പോസ്റ്റ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഷീബാ രാകേഷിനെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയാക്കിയതും പിന്നീട് പ്രസിഡന്റാക്കിയതും ജി. സുധാകരനായിരുന്നു. ഇതിന് ശേഷം പിന്നീട് പലതവണയും സുധാകരവിരുദ്ധ ഏരിയ കമ്മിറ്റിയുമായി അഭിപ്രായവ്യത്യാസം ഷീബാ രാകേഷ് പ്രകടിപ്പിച്ചിരുന്നു.
ഏതാനും ആഴ്ച മുമ്പ് നടന്ന ഏരിയ സമ്മേളനത്തിൽ ജി.സുധാകരനെ പങ്കെടുപ്പിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. സുധാകരന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു സമ്മേളനവേദി. ആലപ്പുഴയില്‍ ഇതുവരെ നടന്ന ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളില്പോലും ജി. സുധാകരനെ ക്ഷണിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് ഷീബാ രാകേഷ് സുധാകരവിരുദ്ധ പക്ഷത്തിന് പ്രത്യക്ഷ മറുപടി നൽകി രംഗത്തെത്തിയത്. ഷീബാ രാകേഷിന്റെ പോസ്റ്റിനോട് സി.പി.എമ്മിലെ മറ്റ് ചില നേതാക്കൾക്കും യോജിപ്പുണ്ടെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.