'സമയം പാഴാക്കാതെ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ'; ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsയുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ.എസ്.നായർ. പി.എസ്.സി ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നിയമനം ലഭിക്കാതെ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ സംബന്ധിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. 'കേരളത്തിലെ യുവജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നിൽ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു' എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.
'പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റിൽ കയറിയവരാണ് അവർ. അവരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് അവർക്ക് അർഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടർന്നാണ് അവർ സമരം ചെയ്യുന്നത്. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ നിയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18,084 പേരാണ് എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതിൽ തന്നെ 11,445 പേർ മെഡിക്കൽ ബിരുദധാരികളും 52, 473 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും ആണ്. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എൽ.ഡി.എഫ് സർക്കാർ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ നിയമിച്ചത് ഞാൻ ഓർമിപ്പിക്കുന്നു'-കത്ത് തുടരുന്നു.
'യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷൻ ശ്രദ്ധിക്കേണ്ടത്. യുവജനങ്ങളുടെ പേരിൽ 37 ലക്ഷത്തോളം രൂപ ശമ്പളമായി സർക്കാർ ഖജനാവിൽ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞു. സഖാവ് ആ ഓഫിസിൽ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേൾക്കണം , പരാതി പരിഹരിക്കാൻ മുൻ കൈയെടുക്കണം' -കത്തിൽ ആവശ്യപ്പെടുന്നു. 'സ്ഥാനങ്ങൾ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ' എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.