വിദേശത്തിരുന്നും മുൻകൂർ ജാമ്യഹരജി നൽകാം; അന്തിമ വിധി സമയത്ത് നാട്ടിൽ നിർബന്ധം -ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം തേടി ഹരജി നൽകാൻ വിദേശത്ത് താമസിക്കുന്നവർക്ക് നിയമ തടസ്സമില്ലെന്നും അന്തിമ വിധിക്ക് മുമ്പ് ഹരജിക്കാരൻ നാട്ടിലെത്തിയാൽ മതിയെന്നും ഹൈകോടതി. നിയമപ്രകാരമുള്ള ഉപാധികൾ ചുമത്താൻ ഹരജിക്കാരൻ നാട്ടിലുണ്ടാകണമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ നിരീക്ഷണം. നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടൻ വിജയ് ബാബു ദുബൈയിലിരുന്ന് സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. വിദേശത്തുള്ളവർക്ക് മുൻകൂർ ജാമ്യ ഹരജി നൽകാൻ നിയമതടസ്സമില്ലാത്തിടത്തോളം കോടതിക്ക് ഇത് നിഷേധിക്കാനാവില്ല.
വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യ ഹരജി നൽകാനാവില്ലെന്ന് ഷാർജ പെൺവാണിഭക്കേസിലെയും എസ്.എം. ഷാഫി കേസിലെയും കോടതി വിധികൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യ ഹരജി നൽകാൻ പൂർണ വിലക്കുണ്ടെന്ന് ഈ വിധിന്യായങ്ങളിൽ പറയുന്നില്ല. അന്തിമ വിധി സമയത്ത് കോടതിയുടെ അധികാരപരിധിയിൽ ഉണ്ടാവണമെന്നാണ് പറയുന്നത്.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 438ലും ഇത്തരമൊരു വിലക്കില്ല. ഉപാധികൾ ചുമത്താൻ കഴിയുന്ന വിധത്തിൽ പ്രതി അന്തിമ വാദത്തിനു മുമ്പ് കോടതിയുടെ അധികാരപരിധിയിൽ ഉണ്ടാവണമെന്നാണ് വ്യവസ്ഥയെന്നും സിംഗിൾ ബെഞ്ച് വിശദീകരിച്ചു. അന്വേഷണ സംവിധാനങ്ങൾ ഏറെ പുരോഗമിച്ച കാലഘട്ടമായതിനാൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിദേശത്തുള്ളയാളെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും കോടതി വ്യക്തമാക്കി.
തെളിവുകളുടെ സൂക്ഷമ വിശദാംശങ്ങളിലേക്ക് മുൻകൂർ ജാമ്യ ഹരജി പരിഗണന വേളയിൽ കടക്കേണ്ട ആവശ്യം കോടതികൾക്കില്ലെങ്കിലും ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവവും തീവ്രതയും ഹരജിക്കാരന്‍റെ പങ്കാളിത്തവുമൊക്കെ കണക്കിലെടുക്കണമെന്നാണ് സുശീല അഗർവാൾ കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവ്. കേസിന്റെ അടിസ്ഥാന വസ്തുതകളും തെളിവുകളുടെ സ്വഭാവവും ഇരയുടെയും പ്രതിയുടെയും സ്ഥാനവും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.