ജാമ്യം നേടിയയാളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകരുനാഗപ്പള്ളി: കോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുത്തയാളെ അർധരാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇൗ സംഭവത്തിൽ ആരോപണവിധേയനായ കരുനാഗപ്പള്ളി എസ്.ഐ മനാഫിനെ സിറ്റി പൊലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന റൂറൽ എസ്.പി ബി. അശോകൻ സസ്പെൻഡ് ചെയ്തിരുന്നു.
ബന്ധുവുമായുള്ള പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊല്ലം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിലായിരുന്ന കരുനാഗപ്പള്ളി കോഴിക്കോട് െഎ.ആർ.ഇ സെറ്റിൽമെൻറ് കോളനിയിൽ സൗന്തനെ (36) അറസ്റ്റ് ചെയ്ത സംഭവമാണ് വിവാദമായത്. മുൻകൂര്‍ ജാമ്യംനേടിയ കാര്യം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും രാത്രി ഉറങ്ങിക്കിടക്കവേ എസ്.ഐ മനാഫ് വീട് തള്ളിത്തുറന്ന് കയറി അറസ്റ്റ് ചെയ്തെന്നുകാണിച്ചാണ് സൗന്തെൻറ ബന്ധുക്കൾ റൂറൽ എസ്.പി ബി. അശോകന് പരാതിനൽകിയത്.
സ്റ്റേഷനിലെത്തിയ ബന്ധുക്കളോടും അഭിഭാഷകനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. മുൻകൂർ ജാമ്യമെടുത്ത പേപ്പർ നൽകിയെങ്കിലും പുലർച്ചെയാണ് വിട്ടയച്ചത്. കരുനാഗപ്പള്ളി സ്റ്റേഷനില്‍ കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസറാണ് കേസ് ഡയറി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. സൗന്തന് തിങ്കളാഴ്ച മുൻകൂര്‍ ജാമ്യം ലഭിച്ച വിവരം അന്നുതന്നെ ഈ ഉദ്യോഗസ്ഥൻ സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും ആറിനും ഇടക്ക് സൗന്തൻ വീട്ടിലുണ്ടോയെന്ന് എസ്.ഐ നേരിട്ടെത്തി അന്വേഷിച്ചിരുന്നു. പിന്നീടാണ് അർധരാത്രി വീട്ടില്‍കയറിയുള്ള അറസ്റ്റ് നടന്നത്.
കേസിനാധാരമായ അടിപിടി നടക്കുന്നത് ഏപ്രിൽ 19 നാണ്. പക്ഷേ, കേസെടുത്തത് 24ന്. അഞ്ച് ദിവസവും കരുനാഗപ്പള്ളി സി.ഐ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സൗന്തൻ ആരോപിക്കുന്നു. ജാമ്യം നേടിയ വിവരം അറിയാതെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും മുൻകൂർ ജാമ്യപേപ്പറുമായി എത്തിയപ്പോൾ വിട്ടയെച്ചന്നുമാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.