കെ.എസ്.ആർ.ടി.സി ടിക്കറ്റ് വരുമാനത്തിൽ മുന്നേറ്റം
text_fieldsമലപ്പുറം: ഭാരിച്ച കടബാധ്യതകളിൽ ഉലയുമ്പോഴും കെ.എസ്.ആർ.ടി.സിക്ക് വരുമാനത്തിൽ ക്രമാനുഗത വളർച്ചയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ കെ.എസ്.ആർ.ടി.സി, ജെൻറം, സ്വിഫ്റ്റ് ബസുകളിൽനിന്ന് 1262.80 കോടി രൂപയാണ് ടിക്കറ്റ് വരുമാനം. 2024 ആഗസ്റ്റ് ഒന്ന് മുതൽ 2025 ജനുവരി 31 വരെയുള്ള കണക്കാണിത്. ഓരോ മാസവും വരുമാനത്തിൽ വളർച്ചയുണ്ട്.
പമ്പ സർവീസിൽനിന്ന് മാത്രം ഈ സീസണിൽ 36.69 കോടി രൂപയാണ് ലഭിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള ധാരണപ്രകാരം സർവീസ് നടത്തുന്ന ‘ഗ്രാമവണ്ടി’യിലൂടെ 3.09 കോടി രൂപയാണ് വരുമാനം. ‘ബജറ്റ് ടൂറിസം’ എന്ന പേരിലുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവീസ് കെ.എസ്.ആർ.ടി.സിക്ക് വൻലാഭമാണ് നേടിത്തരുന്നത്. ആറ് മാസത്തിനിടെ ഈ വകയിൽ 12.98 കോടി രൂപയാണ് ലഭിച്ചത്. ടിക്കറ്റിതര വരുമാനത്തിലും വളർച്ചയുണ്ട്. ആറ് മാസത്തിനിടെ ഈ വകയിൽ 20.67 കോടിയാണ് ആകെ വരുമാനം.
ഫ്യൂവൽ ഔട്ട്ലറ്റുകളിൽനിന്ന് 133.19 കോടിയും പഴയ വണ്ടി പൊളിച്ചുവിറ്റ വകയിൽ 6.23 കോടിയും വരുമാനമുണ്ട്. കെട്ടിടവാടക-8.58 കോടി രൂപയും പരസ്യത്തിൽനിന്നുള്ള വരുമാനം 5.51 കോടി രൂപയുമാണ്. എസ്.ബി.ഐ ഉൾപ്പെടെ ആറ് ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം വായ്പയാണ് കെ.എസ്.ആർ.ടി.സിയുടെ എറ്റവും വലിയ കടബാധ്യത. ഈ വായ്പയിലേക്ക് ഇനിയും 2600 കോടിയിലേറെ അടക്കാനുണ്ട്. എസ്.ബി.ഐയിൽനിന്നുള്ള ഓവർഡ്രാഫ്റ്റ് വേറെയും. മാസംതോറും സർക്കാർ നൽകുന്ന സഹായവും വായ്പകണക്കിലാണ് ഉൾപ്പെടുത്തുന്നത്. പ്രതിമാസം 31 കോടി രൂപ കൺസോർഷ്യം വായ്പ തിരിച്ചടവിലേക്ക് പോകുന്നുണ്ട്. ഇതിനാൽ വരവും ചെലവും തമ്മിലുള്ള അന്തരം തുടരുകയാണ്.
2015-16 ൽ ആറായിരത്തോളം സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 3500 സർവീസുകൾ മാത്രമേയുള്ളു. 2016ൽ 35,842 സ്ഥിരം ജീവനക്കാരും 9092 താൽകാലിക ജീവനക്കാരുമുണ്ടായിരുന്നു. നിലവിൽ 23,321 സ്ഥിരം ജീവനക്കാരും 6114 താൽകാലിക ജീവനക്കാരും മാത്രമേ ഉള്ളൂ. ശമ്പളയിനത്തിൽ സ്ഥിരം ജീവനക്കാർക്ക് പ്രതിമാസം 74 കോടിയും താൽക്കാലികക്കാർക്ക് 11.45 കോടിയും മാത്രമേ വേണ്ടതുള്ളൂ. എന്നിട്ടും രണ്ടു ഗഡുക്കളായാണ് ശമ്പളവിതരണം. ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടും കടബാധ്യതമൂലം നഷ്ടത്തിൽനിന്ന് കരകയറ്റാനാകുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.