നഗര - നാട്ടിൻപുറ ഭേദമില്ലാതെ മുന്നേറ്റം
text_fieldsകൊച്ചി: ആധികാരികവും സമഗ്രവുമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ വിജയം. എതിർ സ്ഥാനാർഥി ജോ ജോസഫിന് ഒരിക്കൽ പോലും തിരിച്ചുവരവിന് അവസരം നൽകാതെ പടിപടിയായി ഉയർത്തിയ ഭൂരിപക്ഷം. 12 റൗണ്ടുകളിലായി നടത്തിയ വോട്ടെണ്ണലിൽ ആകെയുള്ള 239 ബൂത്തുകളിൽ 24 ഇടത്ത് മാത്രമാണ് എൽ.ഡി.എഫ് മുന്നിലെത്തിയത്. ആകെ ലഭിച്ച 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം നേടി ഉമ തുടക്കമിട്ട വിജയത്തേരോട്ടത്തിന് പിന്നെ ഇടർച്ചയുണ്ടായില്ല.
വോട്ടെണ്ണലിന്റെ ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുവീതവും അവസാന റൗണ്ടിൽ എട്ടു ബൂത്തുമാണ് എണ്ണിയത്. ഇടപ്പള്ളി, പോണേക്കര, മാമംഗലം, പാടിവട്ടം എന്നിവിടങ്ങളിൽ ആദ്യ റൗണ്ടിൽ ഒരു ബൂത്തിൽ പോലും ജോ ജോസഫിന് മുന്നിൽ എത്താനായില്ല. ഉമ 5978 വോട്ടും ജോ ജോസഫ് 3729 വോട്ടും എ.എൻ. രാധാകൃഷ്ണൻ 1612 വോട്ടും ഈ മേഖലകളിൽനിന്ന് നേടി.
വെണ്ണല, പാലാരിവട്ടം, അഞ്ചുമന മേഖലകളിലെ വോട്ടാണ് രണ്ടാം റൗണ്ടിൽ എണ്ണിയത്. അതിലും ഉമതന്നെയായിരുന്നു എല്ലാ ബൂത്തിലും മുന്നിൽ. വോട്ടുവിഹിതം 12,022 ആയി കൂടി. ജോ ജോസഫ് 7906 വോട്ടും. ബി.ജെ.പിക്ക് 2875. ചളിക്കവട്ടം, പാലാരിവട്ടം, വെണ്ണല ഭാഗങ്ങളിലെ ബൂത്തുകൾ എണ്ണിയ മൂന്നാം റൗണ്ടിൽ 41ാം ബൂത്തിൽനിന്നാണ് ആദ്യമായി ജോ ജോസഫിന് മുന്നിലെത്താനായത്. ഇവിടെനിന്ന് ഉമയുടെ വോട്ടുകൾ 19,184, ജോ ജോസഫ് 12,697 എന്നിങ്ങനെയായി. ബി.ജെ.പി 4086ൽ എത്തി.
കാരണക്കോടം, തമ്മനം മേഖലകളിലെ വോട്ടുകൾ നാലാം റൗണ്ടിൽ എണ്ണി പൂർത്തിയായപ്പോൾ ഉമ 25,556 വോട്ടുകളായി. ഇവിടെ 56, 59 ബൂത്തുകളിൽ ജോ ജോസഫ് മുന്നിലെത്തിയിട്ടും വോട്ടുവിഹിതം 16,628ൽ ഒതുങ്ങി. വൈറ്റില മേഖലയിലെ വോട്ടുകൾ എണ്ണിയ അഞ്ചാം റൗണ്ടിൽ ആറു ബൂത്തുകളിൽ മാത്രമായി ജോ ജോസഫിന്റെ മുന്നേറ്റം. അപ്പോഴേക്കും 30,777 എന്ന വമ്പൻ വോട്ടുവിഹിതത്തിൽ ഉമ എത്തി. ജോ ജോസഫ് 21,391 വോട്ടും ബി.ജെ.പി 6195 വോട്ടും മാത്രം.
ചമ്പക്കര, തൈക്കൂടം, കലൂർ മേഖലകളിലെ വോട്ടുകളിലേക്ക് കടന്ന ആറാം റൗണ്ടിൽ മൂന്ന് ബൂത്തുകളിൽ ഒഴികെ ഉമയുടെ തേരോട്ടമായി. 37,785 വോട്ടുകൾ നേടി ഉമ ഏറെ മുന്നിലേക്ക് പോയി. 25,180 വോട്ടുകളുമായി ജോ ജോസഫും 7573 വോട്ടുകളുമായി രാധാകൃഷ്ണനും കിതച്ചു. ഏഴ്, എട്ട്, ഒമ്പത് റൗണ്ടുകളിലെ ബൂത്തുകളിൽ ഒരിടത്തും ജോ ജോസഫിന് മുന്നിലെത്താനായില്ല. കടവന്ത്ര, എളംകുളം, പനമ്പിള്ളി നഗർ, തൃക്കാക്കര, കാക്കനാട്, മരോട്ടിച്ചോട്, പടമുകൾ ഭാഗങ്ങളിലെ വോട്ടുകളാണ് ഈ റൗണ്ടുകളിൽ എണ്ണിയത്. അതോടെ ഉമ തോമസ് 56,561, ജോ ജോസഫ് 35,689, എ.എൻ. രാധാകൃഷ്ണൻ 10,753 എന്നിങ്ങനെ എത്തി.
പത്താം റൗണ്ടിൽ മൂന്നു ബൂത്തുകൾ, പതിനൊന്നാം റൗണ്ടിൽ എട്ട് ബൂത്തുകൾ, 12ാം റൗണ്ടിൽ ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് ഇടതുപക്ഷത്തിന് മുന്നിൽ വരാനായത്. തുതിയൂർ, പാലച്ചുവട്, കൊല്ലംകുടിമുകൾ, തെങ്ങോട്, കുഴിക്കാട്ടുമൂല, ചിറ്റേത്തുകര, കാക്കനാട് ടൗൺ, മാവേലിപുരം എന്നിവിടങ്ങളിലെ വോട്ടുകളാണ് അവസാന മൂന്നു റൗണ്ടുകളിൽ എണ്ണിയത്. ഇതിൽ കാക്കനാട് എം.എ എച്ച്.എസിലെ 156,156എ, 158, തെങ്ങോട് ഗവ. യു.പി.എസിലെ 150, 151, 151എ, 149,149എ എന്നീ ബൂത്തുകളിൽ മാത്രമായി ജോ ജോസഫിന്റെ മുന്നേറ്റം. അന്തിമഫലം പുറത്തുവന്നപ്പോൾ ഉമ തോമസ് 72,770ൽ എത്തി. ഭൂരിപക്ഷം 25,016 ആയി. ജോ ജോസഫ് 47,754 വോട്ടും എ.എൻ. രാധാകൃഷ്ണൻ 12,957 വോട്ടുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.