മൗലാന ആസാദില്ലാത്ത പരസ്യം; കോൺഗ്രസ് ക്ഷമചോദിച്ചെങ്കിലും വിവാദം ഒഴിയുന്നില്ല
text_fieldsകോഴിക്കോട്: പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് നൽകിയ പരസ്യങ്ങളിൽനിന്ന് മൗലാനാ അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിൽ ക്ഷമാപണവുമായി കോൺഗ്രസ് രംഗത്തുവന്നെങ്കിലും വിവാദം അവസാനിക്കുന്നില്ല. മാപ്പില്ലാത്ത കുറ്റമാണിതെന്ന് അംഗീകരിച്ച് ക്ഷമാപണം നടത്തിയ ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, മഹാത്മാഗാന്ധി മുതൽ നരസിംഹ റാവുവരെ ഇടംപിടിച്ച പരസ്യത്തിൽനിന്ന് രണ്ടുവട്ടം കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റും ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ അബുൽ കലാം ആസാദിനെ ഒഴിവാക്കിയത് യാദൃച്ഛികമല്ലെന്ന വിമർശനമാണ് പല കോണുകളിൽനിന്നും ഉയരുന്നത്.
മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്റു, സർദാർ വല്ലഭ് ഭായ് പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ്, സരോജിനി നായ്ഡു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിങ്, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ ചിത്രം പ്രമുഖ പത്രങ്ങളിലടക്കം നൽകിയ പരസ്യത്തിലുണ്ട്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 42ാമത്തെ പ്രസിഡന്റായി 1923ലും 60ാമത്തെ പ്രസിഡന്റായി 1940ലും തിരഞ്ഞെടുക്കപ്പെട്ട മൗലാനാ അബുൽ കലാം ആസാദ് ഗാന്ധിയുടെ സന്തതസഹചാരിയും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. അദ്ദേഹത്തെ പരസ്യത്തിൽനിന്ന് ഒഴിവാക്കിയത് മുസ്ലിം നേതാവായതിനാലാണെന്ന് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
പ്ലീനറി സമ്മേളനത്തിൽ പിന്നാക്ക ന്യൂനപക്ഷ പ്രകടനപത്രിക സമർപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് കല്ലുകടിയായി ‘പരസ്യവിവാദം’ ഉയരുന്നത്. കേരളത്തിലെ രണ്ട് മുഖ്യ പത്രങ്ങളിൽ പ്ലീനറി സെഷന്റെ മുഴുപ്പേജ് പരസ്യം നൽകിയപ്പോൾ കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായ ‘വീക്ഷണ’ത്തെ ഒഴിവാക്കിയതും ചർച്ചയായി.
പാർട്ടിയുടെ സ്വന്തം പത്രത്തിൽപോലും നൽകാത്ത പരസ്യത്തിന്റെ പേരിലാണ് ഇപ്പോൾ കോൺഗ്രസ് പൊല്ലാപ്പിലായിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുമെന്നും കോൺഗ്രസ് ആത്മാർഥമായി ക്ഷമാപണം നടത്തുന്നുവെന്നും മൗലാനാ ആസാദ് എന്നും കോൺഗ്രസിന്റെയും ഇന്ത്യയുടെയും പ്രതീകവും പ്രചോദനവുമായി തുടരുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.