സാലറി കട്ടിൽ പ്രതിഷേധം കനക്കുന്നു; 15,000 രൂപ ഒാണം അഡ്വാൻസ് എടുത്തവർക്ക് ഇളവ് നൽകാനും ആലോചന
text_fieldsതിരുവനന്തപുരം: ഇടത് അനുകൂല സംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സാലറി കട്ടിൽ ഇളവുകൾ പരിഗണിക്കുന്നു. ചില ഇളവുകൾ നൽകി പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം. പ്രതിപക്ഷസംഘടനകൾ പണിമുടക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഭരണാനുകൂല സംഘടനകളും വിയോജിച്ചതോടെയാണ് സമവായ നീക്കം സജീവമാക്കിയത്. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് സംഘടനകളുടെ യോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് ചർച്ച. സംഘടനകളുടെ അഭിപ്രായം േകട്ട ശേഷം ഉത്തരവിറക്കും. മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കലെന്നത് അഞ്ച് ദിവസമാക്കലാണ് പരിഗണിക്കുന്നത്. 15,000 രൂപ ഒാണം അഡ്വാൻസ് എടുത്തവർക്ക് ഇളവ് നൽകാനും ആലോചനയുണ്ട്. ഇവരിൽനിന്ന് പിന്നീട് പിടിക്കാമെന്നാണ് നിർദേശം. പി.എഫിൽ നിന്ന് വായ്പയെടുത്തവർക്കും ഇളവ് നൽകിയേക്കും. കുറഞ്ഞ പ്രതിമാസവരുമാനമുള്ളവരെയും ഒഴിവാക്കൽ ചർച്ചയാകും. പ്രതിപക്ഷ സംഘനകൾക്ക് പിന്നാലെ ഭരണാനുകൂല സംഘടനകൾ ധനമന്ത്രിക്ക് കത്ത് നൽകി. സി.പി.ഐ അനുകൂല സംഘടനയായ ജോയൻറ് കൗൺസിലും സാലറി കട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സാലറികട്ടുമായി മുന്നോട്ട് പോയാൽ പണിമുടക്ക് അടക്കം മാർഗങ്ങൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് സംഘടനകൾ വ്യക്തമാക്കി.
ഓർഡിനൻസിലൂടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ഇടതുസർക്കാറിന് ഭൂഷണമല്ലെന്ന പരസ്യനിലപാടുമായി ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.