കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകരെ നിയോഗിച്ച് ബി.ജെ.പി
text_fieldsതിരുവനന്തപുരം: പുതുതായി പണിയുന്ന ആസ്ഥാനമന്ദിരത്തിൽ ‘മുഖ്യമന്ത്രി’യുടെ ഒാഫിസ് നിർമിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി പിണറായി വിജയെൻറ പാത പിന്തുടർന്ന് പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരന് ഉപദേശകരെയും നിയമിച്ചു. മൂന്ന് ഉപദേഷ്ടാക്കളെയാണ് ഇപ്പോൾ നിയോഗിച്ചത്. ഇനിയും നിയമനങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പി തങ്ങളുടെ സംസ്ഥാന അധ്യക്ഷന് പാർട്ടി ചെലവിൽ എന്തിനാണ് ഇത്രയും ഉപദേശകരെ നിയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നാൽ ഇൗ നിയമനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിയോജിപ്പുണ്ട്.
ഫാക്ടിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഡോ. ജി.സി. ഗോപാലപിള്ളയെ സാമ്പത്തിക വിഷയത്തിലാണ് ഉപദേഷ്ടാവായി നിയോഗിച്ചത്. കേന്ദ്രസർക്കാറിെൻറ വിവിധ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിെൻറ വിവിധ വശങ്ങളിൽ ഇടപെടാനാണ് അദ്ദേഹത്തിെൻറ നിയമനം. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ്. കർത്തയെ മാധ്യമ വിഭാഗത്തിെൻറയും കോളജ് അധ്യാപകനായിരുന്ന ഡോ. കെ.ആർ. രാധാകൃഷ്ണപിള്ളയെ വികസനം, ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ ഉപദേഷ്ടാവുമായാണ് നിയോഗിച്ചിട്ടുള്ളത്.
കേന്ദ്ര നേതൃത്വത്തിെൻറ കൂടി നിർദേശാനുസരണമാണ് നിയമനമെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ഉപദേഷ്ടാക്കളെ നിയമിക്കാനും നീക്കം നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവന്നേക്കാവുന്ന വിവാദങ്ങൾ തടയുന്നതിന് വിഷയങ്ങൾ പഠിച്ച് സംസ്ഥാന നേതൃത്വത്തിന് ഉപദേശങ്ങൾ നൽകാനാണ് നിയമനങ്ങൾ.
വേതനത്തോടെയുള്ള നിയമനങ്ങളാണ് ഇവയെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതിനായി പാർട്ടി ഫണ്ട് വിനിയോഗിക്കുന്നതിൽ പാർട്ടിക്കുള്ളിൽ വിയോജിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.