റവന്യൂ വിഷയങ്ങൾ ആരുടെയും തറവാട്ടുസ്വത്തല്ലെന്ന് അഡ്വക്കറ്റ് ജനറൽ
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈകോടതിയിലെ കേസിൽ സർക്കാർ ഭാഗം അവതരിപ്പിക്കാനുള്ള അഭിഭാഷകനെച്ചൊല്ലി റവന്യൂമന്ത്രിയും അഡ്വക്കറ്റ് ജനറലും തുറന്ന പോരിൽ. മന്ത്രിയുടെ നിർദേശം അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രം പുനഃപരിശോധനയെന്ന നിലപാടുമാണ് എ.ജി കൈക്കൊണ്ടത്. ഇതോടെ, ഇൗ വിഷയത്തെച്ചൊല്ലി സി.പി.എമ്മും സി.പി.െഎയും തമ്മിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. അതേസമയം കേസ് അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് അഭിഭാഷകനെ മാറ്റിയതിനു പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.
സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറൽ (എ.എ.ജി) രഞ്ജിത്ത് തമ്പാന് തന്നെ ഹാജരാകണമെന്നുകാട്ടിയാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കിയത്. എന്നാൽ, ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് എ.ജി. സി.പി.െഎയെയും റവന്യൂവകുപ്പിനെയും നോക്കുകുത്തിയാക്കുന്ന നിലപാടാണ് ഇതെന്നും ഇതംഗീകരിക്കേണ്ടതില്ലെന്നും സി.പി.െഎ നിലപാട് കൈക്കൊണ്ടു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ലേക്ക്പാലസ് കേസിലും മാര്‍ത്താണ്ഡം കായല്‍ കൈയേറ്റക്കേസിലും ഹാജരാകുന്നതില്‍നിന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റി പകരം മറ്റൊരു അഭിഭാഷകനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത്ത് തമ്പാനു പകരം സ്റ്റേറ്റ് അറ്റോണി കെ.വി. സോഹനായിരുന്നു ഹാജരായിരുന്നത്. ഇത് വലിയ വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ റവന്യൂമന്ത്രി ഇടപെട്ടത്. വിഷയം പൊതുതാല്പര്യമാണെന്നും കേസില്‍ ഹാജരാകാന്‍ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും മന്ത്രി എ.ജിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫിസിെൻറ വിവേചനാധികാരത്തില്പെട്ടതാണെന്നുമുള്ള നിലപാടാണ് അഡ്വക്കറ്റ് ജനറല്‍ കൈക്കൊണ്ടത്. തനിക്ക് മന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എ.ജി അറിയിച്ചു. അഡ്വക്കറ്റ് ജനറൽ മന്ത്രിയുടെ ആവശ്യം തള്ളിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിഷയത്തിൽ സി.പി.ഐയും റവന്യൂവകുപ്പും കര്‍ശന നിലപാടാണ് കൈക്കൊണ്ടുവരുന്നത്. ജില്ല കലക്ടറുടെ റിപ്പോർട്ടിലും തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രി മുഖ്യമന്ത്രിയെ കണ്ട് കർശനനടപടി ആവശ്യപ്പെട്ടിരുന്നു. തന്നെ ഒഴിവാക്കിയത് അറിഞ്ഞില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം എ.എ.ജി രഞ്ജിത്ത് തമ്പാനും പറഞ്ഞിരുന്നു. സി.പി.ഐ നോമിനി കൂടിയാണ് രഞ്ജിത്ത് തമ്പാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.