അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പ്; സി.ബി.ഐ അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: കേരള ബാർ കൗൺസിലിന്‍റെ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തി 7.61 കോടി രൂപ തട്ടിയെടുത്ത കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. ക്ഷേമനിധി ഫണ്ട് അക്കൗണ്ടൻറ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി എം.കെ. ചന്ദ്രൻ (55) അടക്കം ഒമ്പത് പ്രതികൾക്കെതിരെയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം നടത്തുന്നത്.
എറണാകുളം പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ എഫ്.ഐ.ആർ നൽകിയാണ് സി.ബി.ഐ എസ്.പി സി.ബി. രാമദേവൻ അന്വേഷണം ആരംഭിച്ചത്. 2007 മുതൽ വിവിധ ബാർ അസോസിയേഷനുകളിൽനിന്ന് പിരിച്ചെടുത്ത തുകയും ക്ഷേമനിധി സ്റ്റാമ്പ് വിൽപനയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയുമാണ് രേഖകൾ തിരുത്തി ഭാര്യ ശ്രീകല ചന്ദ്രന്‍റെയും (50) തമിഴ്നാട്ടിലെ ഏഴ് കൂട്ടാളികളുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷൻ പ്രതിനിധികൾ സമർപ്പിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. ചന്ദ്രനും ശ്രീകലയ്ക്കും പുറമെ തമിഴ്നാട് മധുര സ്വദേശികളായ കെ.ബാബു സ്കറിയ (49), അനന്തരാജ് (56), എ.മാർട്ടിൻ (34), ധനപാലൻ (60), ആർ.ജയപ്രഭ (32), തേനി സ്വദേശികളായ പി.രാജഗോപാലൻ (27), എച്ച്.ഫാത്തിമ ഷെറിൻ (49) എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. 2021 ഡിസംബർ 21നാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.