അഡ്വ. പി.എ. മുഹമ്മദ് റിയാസ്: മന്ത്രിസഭയിലെ ഇളമുറക്കാരൻ
text_fieldsനിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ബേപ്പൂരിൽനിന്ന് ജയിച്ച അഡ്വ. പി.എ. മുഹമ്മദ് റിയാസിനാണ് ഇരട്ടിമധുരമായി മന്ത്രിസ്ഥാനം ലഭിച്ചത്്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ റിയാസ് നിലവിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറും സി.പി.എം സംസ്ഥാന സമിതി അംഗവുമാണ്. പുതുമുഖമെന്നതും സാമുദായിക സമവാക്യവും റിയാസിനനുകൂലമായി.
വിദ്യാർഥി-യുവജനസമരങ്ങളിൽ പങ്കെടുത്ത് പലതവണ പൊലീസ് മർദനമേറ്റ റിയാസ് ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് സെൻറ് ജോസഫ്സ് ബോയ്സ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. തുടർന്ന് ഫാറൂഖ് കോളജില്‍നിന്ന് ബി.കോമും കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി.
ഫാറൂഖ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. '98ല്‍ കാലിക്കറ്റ് സർവകലാശാല യൂനിയന്‍ ഭാരവാഹിയായും വിജയിച്ചു. എസ്.എഫ്.ഐ ഫറോക്ക്, കോഴിക്കോട് സിറ്റി ഏരിയ ഭാരവാഹിയായും ജില്ല സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവർത്തിക്കവെ 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിലാണ് ദേശീയ പ്രസിഡൻറായത്. സിറ്റി മോട്ടോര്‍ ആന്‍ഡ് എൻജിനീയറിങ് യൂനിയന്‍ സെക്രട്ടറി എന്ന നിലയിലും ഈ 45കാരൻ പ്രവര്‍ത്തിച്ചു.
ബീഫ് നിരോധനത്തിനെതിരെയും ആള്‍ക്കൂട്ട കൊലപാതകങ്ങള്ക്കെതിരായും നിരവധിസമരങ്ങള്‍ സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തില്‍ ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലിലേക്ക് പാളയം വാർഡിൽ ജനവിധിതേടി പരാജയപ്പെട്ട റിയാസ് പിന്നീട് കോഴിക്കോട് ലോക്സഭ സീറ്റിൽ എം.കെ. രാഘവനോട് ആയിരത്തിൽ താഴെ വോട്ടിനും പരാജയപ്പെട്ടിരുന്നു. മൂന്നാമത്തെ തെരഞ്ഞെടുപ്പങ്കമായ ബേപ്പൂരിൽ 28,747 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ ജയം. കോഴിക്കോട് കോട്ടൂളിയിലെ 'ഗ്രെയ്സി'ൽ റിട്ട. പൊലീസ് സൂപ്രണ്ട് പി.എം. അബ്ദുൽ ഖാദർ-കെ.എം. അയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മുഖ്യമന്ത്രി പിണറായി വിജയെൻറ മകൾ വീണ വിജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.