സർക്കാറിന്റെ സത്യവാങ്മൂലം; വയനാട്ടിൽ നിരവധി പദ്ധതികൾ
text_fieldsകൊച്ചി: വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ ഒമ്പത് ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും തയാറാക്കിയിട്ടുണ്ടെന്ന് ഹൈകോടതിയിൽ സർക്കാറിന്റെ സത്യവാങ്മൂലം. ഹ്രസ്വകാല പദ്ധതികളിൽ പലതും നടപ്പാക്കിക്കഴിഞ്ഞു.
ദീർഘകാല പദ്ധതികൾ പുരോഗതിയിലാണ്. ഈ പദ്ധതികൾ സംബന്ധിച്ച വിഷയങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തൽ ഒരുമാസത്തിനുശേഷം പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും മാർച്ച് 13ന് പരിഗണിക്കാൻ മാറ്റി.
ഇടുക്കി, വയനാട് ജില്ലകളിൽ വന്യജീവികൾക്ക് വെള്ളം ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് അഡീ. അഡ്വക്കറ്റ് ജനറലിനോട് കോടതി നിർദേശിച്ചു. തിരുവനന്തപുരത്ത് ബ്രൂണോ എന്ന നായെ കൊലപ്പെടുത്തിയ കേസിൽ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വന്യജീവി ആക്രമണം സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കുന്നത്.
വന്യജീവികളെ തടയാൻ സ്മാർട്ട് എലഫന്റ് ഫെൻസ് മോഡൽ നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി അഡീഷനൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വനം വകുപ്പ് ആസ്ഥാനത്ത് കൺട്രോൾ റൂം
തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കിഫ്ബി വഴി അനുവദിച്ച 100 കോടി രൂപക്ക് പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖേന അനുവദിക്കും. വന്യജീവി ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗം നൽകാൻ വനംവകുപ്പ് മേധാവിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഇതിന്റെ ചെലവുകൾ ട്രഷറി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും.
പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിന് സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ കൺട്രോൾ റൂം തുറക്കും. വന്യജീവി ആക്രമണ സാധ്യതയുള്ള സമയങ്ങളിൽ മുന്നറിയിപ്പ് നൽകാൻ വാട്സ്ആപ് ഗ്രൂപ്പുകൾ ഉൾപ്പെടെ വിവര-വിനിമയ സംവിധാനങ്ങൾ സജ്ജമാക്കും. ജാഗ്രതക്ക് കൂടുതൽ താൽക്കാലിക വാച്ചർമാരെ നിയോഗിക്കും. കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളിൽ നിയമിക്കും.
വനത്തോട് ചേർന്ന എസ്റ്റേറ്റുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ കുറ്റിക്കാടുകൾ ഇല്ലാതാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകും. സർക്കാർ-അർധസർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഇത് വ്യാപിപ്പിക്കും. സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ ഫോറസ്റ്റ് ഡിവിഷൻ/ സ്റ്റേഷൻ അടിസ്ഥാനപ്പെടുത്തി പ്രത്യേക ജാഗ്രതസമിതി രൂപവത്കരിക്കും. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ തോതിൽ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും.
വിഷയങ്ങൾ ഏകോപിപ്പിക്കാൻ കേരള-കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്തർസംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.