'രാജ്യം പോകുന്നത് അരക്ഷിതാവസ്ഥയിലേക്ക്...'; ആശങ്ക പങ്കുവെച്ച് അഫ്ഗാൻ വിദ്യാർഥികൾ
text_fieldsമലപ്പുറം: രാജ്യത്തിെൻറ നിയന്ത്രണം താലിബാൻ പിടിച്ചതിെൻറ ആശങ്കകൾ പങ്കുവെച്ച്, കേരളത്തിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന അഫ്ഗാൻ വിദ്യാർഥികൾ. കാലിക്കറ്റ്, എം.ജി, കാസർകോട് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ നിരവധി അഫ്ഗാൻ വിദ്യാർഥികളാണ് പഠിക്കുന്നത്. അഫ്ഗാനിസ്ഥാനെ താലിബാൻ പിടിച്ചടക്കിയതോടെ നാട്ടുകാരുടെ ജീവിതം അരക്ഷിതാവസ്ഥയിലേക്കാണ് പോകുന്നതെന്ന് ഇവർ പറയുന്നു.
പഠനം കഴിഞ്ഞ് നാട്ടിലെത്തിയാൽ പെൺകുട്ടികൾക്കുൾപ്പെടെ ജോലി ലഭിക്കുമെന്നും സുരക്ഷിത ജീവിതമുണ്ടാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ, എല്ലാം ഇതോടെ തകിടം മറിഞ്ഞെന്നും എം.ജി സർവകലാശാലയിലെ എം.എ ഇൻറർനാഷനൽ സ്റ്റഡീസ് ഒന്നാവർഷ വിദ്യാർഥി തവാഫുദ്ദീൻ അസ്മി പറയുന്നു. ഓരോ ദിവസം കഴിയുേമ്പാഴും സാഹചര്യം മോശമാകുകയാണ്.
അവർ എന്തുചെയ്യുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല, ഇന്നൊരു നിയമം പുറത്തിറക്കും, നാളെ മറ്റൊന്ന്. അഫ്ഗാനിസ്ഥാനിലെ ബമ്യാൻ പ്രവിശ്യയിൽനിന്നുള്ള വിദ്യാർഥിയാണ് 26 വയസ്സുകാരനായ തവാഫുദ്ദീൻ. അഫ്ഗാനിസ്ഥാൻ സർക്കാറിന് കീഴലിൽ ജോലി ചെയ്യവെയാണ് സ്കോളർഷിപ് ലഭിച്ച് ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 12 വയസ്സുള്ള സഹോദരിയും നാല് സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബം ബമ്യാൻ പ്രവിശ്യയിലാണ്. കേരളത്തിലാണ് താമസിക്കുന്നതെങ്കിലും വീട്ടുകാരുടെ സുരക്ഷ ആേലാചിച്ചിട്ട് ആശങ്കയിലാണെന്ന് തവാഫ് പറയുന്നു. വീട്ടുകാർക്ക് രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നില്ല. ഫേസ്ബുക്ക് മെസഞ്ചർ വഴി മാത്രമാണ് കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻ സ്കോളർഷിപ് വഴിയാണ് വിദ്യാർഥികൾ ഇന്ത്യയിൽ പഠിക്കാനെത്തുന്നത്. ഇത്തവണ 1000 പേർക്കാണ് ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവയിൽ സ്കോളർഷിപ് അനുവദിച്ചത്. നിലവിൽ എം.ജി സർവകലാശാലയിൽ പത്ത് അഫ്ഗാൻ വിദ്യാർഥികളാണ് പഠിക്കുന്നത്. അതിൽ നാലുപേർ പെൺകുട്ടികളാണ്. രണ്ടുപേർ കോഴ്സ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. കാസർകോട് കേന്ദ്ര സർവകലാശാലയിൽ മൂന്ന് വിദ്യാർഥികളാണ് പഠിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ പത്തിലധികം പേർ പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.