നാടണയാനാവാതെ ആഫ്രിക്കൻ ഫുട്ബാളർമാർ ദുരിതത്തിൽ
text_fieldsതൃക്കരിപ്പൂർ: കോവിഡ് അടച്ചിടലിൽ കുടുങ്ങിയ ആഫ്രിക്കൻ ഫുട്ബാൾ കളിക്കാർ നാടണയാനാവാതെ ദുരിതത്തിൽ. പടിഞ്ഞാറൻ ആഫ്രിക്കൻ രാഷ്ട്രമായ ഐവറി കോസ്റ്റിൽ നിന്നുള്ള അമേഗു (23), ഹെർവേ ( 23), പാട്രിക് (16) എന്നിവരാണ് തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലുള്ള വാടകമുറിയിൽ കഴിയുന്നത്. പ്രാദേശിക ടീമുകൾക്കായി സെവൻസ് കളിക്കാനെത്തിയ ഇവർ കളിയും കൂലിയുമില്ലാതെ എട്ടു മാസത്തോളമായി മുറിയിൽ കഴിയുകയാണ്.
ഇപ്പോൾ ആഹാരത്തിനുപോലും പ്രയാസപ്പെടുന്നു. മലപ്പുറത്ത് ഒരു ഫുട്ബാൾ ടീമിൽ കളിക്കുന്ന ഇവരുടെ നാട്ടുകാരനായ ഫോർച്യൂൺ വഴിയാണ് തൃക്കരിപ്പൂരിലെ ക്ലബിന് കളിക്കാനായി ഇവർ എത്തുന്നത്. ഒരാൾ വലിയപറമ്പിലെ ക്ലബിെൻറ പരിശീലകനായി എത്തിയതാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളും അടച്ചിടലുമായി ഒരു ഫുട്ബാൾ സീസൺ തീർന്നു. ഇവരുടെ വിസ കാലാവധി അവസാനിക്കുംമുമ്പ് നാട്ടിലെത്താനുള്ള ആഗ്രഹം എങ്ങുമെത്തിയിട്ടില്ല. മുംബൈയിൽനിന്നോ ബംഗളൂരുവിൽനിന്നോ കെനിയയിലെ നൈറോബിയിലെത്തിയാലാണ് ഐവറി കോസ്റ്റിലേക്കുള്ള വിമാനം ലഭിക്കുക. ഒരാൾക്കുമാത്രം കാൽ ലക്ഷത്തോളം രൂപയാണ് വിമാനക്കൂലി വേണ്ടിവരുക.
ബംഗളൂരുവിൽ നിന്നാണെങ്കിൽ അരലക്ഷത്തോളമാണ് നിരക്ക്. തുടക്കത്തിൽ ക്ലബുമായി ബന്ധപ്പെട്ടവർ സഹായിച്ചിരുന്നു. പ്രാദേശിക ഫുട്ബാൾ കളിക്കാരും ഇവരെ സഹായിക്കാറുണ്ട്. വാടകയും കുറെ മാസമായി കൊടുത്തിട്ടില്ല. പാചകവാതകം തീർന്നപ്പോൾ തൊട്ടടുത്ത മുറിയിലെ ദേവകിയമ്മയാണ് വൈദ്യുതി അടുപ്പ് നൽകി സഹായിച്ചത്. പാത്രങ്ങളും പരിസരവാസികൾ നൽകി. പലപ്പോഴും പട്ടിണിയായപ്പോൾ അടുത്ത മുറിയിലെ വീട്ടുകാർ മനസ്സറിഞ്ഞ് സഹായിച്ചതായി യുവാക്കൾ പറയുന്നു. ഇടക്ക് നാട്ടിൽനിന്ന് പണം എത്തിച്ചാണ് കാര്യങ്ങൾ ചെയ്‌തത്. ഇപ്പോൾ തീർത്തും നിസ്സഹായാവസ്ഥയിലാണ് ഈ താരങ്ങൾ. നൂഡ്ൽസ് പാകം ചെയ്ത് കഴിച്ചാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. തങ്ങളുടെ പ്രയാസം കണ്ടറിഞ്ഞ് ഫുട്ബാൾ മേഖലയിലുള്ളവർ സഹായിക്കുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.