ആഫ്രിക്കൻ പന്നിപ്പനി: കണ്ണൂരിൽ 273 പന്നികളെ കൊന്നൊടുക്കും
text_fieldsകണ്ണൂർ: കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 273 പന്നികളെ കൊന്നൊടുക്കും. രോഗവ്യാപനം തടയാൻ, പ്രഭവകേന്ദ്രമായ ഒരു ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 273 പന്നികളെ കൊന്നൊടുക്കി മറവ് ചെയ്യാനാണ് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടത്. ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. തലശ്ശേരി സബ് കലക്ടർ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും.
ഇതിനായി ജില്ല മൃഗസംരക്ഷണ ഓഫിസർ ചെയർപേഴ്സനായും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഒ.എം. അജിത നോഡൽ ഓഫിസറായും റാപ്പിഡ് റെസ്പോൺസ് ടീം രൂപവത്കരിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങൾ ഇതിനായി പ്രവർത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.
ഒന്ന് മുതൽ 30 ദിവസത്തേക്ക് പന്നി, പന്നിമാംസം, പന്നി മാംസം കൊണ്ടുള്ള ഉൽപന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിർത്തിപ്രദേശങ്ങളിൽ പൊലീസും ആർ.ടി.ഒയും നിരീക്ഷണം ഏർപ്പെടുത്തും. രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളെ നിരീക്ഷണവിധേയമാക്കും.
ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലകളിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണമേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവെക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ നിർദേശിച്ചു.
വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; 250ഓളം പന്നികളെ കൊന്നൊടുക്കും
സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്ത് 11ാം വാർഡായ നമ്പ്യാർകുന്ന് പൂളക്കുണ്ടിലെ ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നിക്കാണ് രോഗം ബാധിച്ചത്. 210ഓളം പന്നികളാണ് ഈ ഫാമിലുള്ളതെന്നാണ് പ്രാഥിക കണക്ക്. തുടർന്ന് ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ, രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലായി രണ്ട് ഫാമുകൾ കൂടിയുള്ളതായി കണ്ടെത്തി. പീതാംബരൻ, കുര്യാക്കോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഈ ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കും. മൂന്നു ഫാമുകളിലും കൂടി ആകെ 250ഓളം പന്നികളാണുള്ളത്. ഇവയെ കൊന്നൊടുക്കുന്നതിനുള്ള നടപടി ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ചൊവ്വാഴ്ച മുതൽ പന്നികളെയെല്ലാം കൊന്നൊടുക്കാനാണ് തീരുമാനമെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജയരാജ് പറഞ്ഞു.
അതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിട്ടുണ്ട്. മാനന്തവാടിയിൽ പന്നിയെ കൊന്നൊടുക്കിയ ആർ.ആർ.ടി അംഗങ്ങൾ ഇവിടെയും സജ്ജമാണ്. ജൂലൈ 22നാണ് മാനന്തവാടിയിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിലാദ്യമായി സ്ഥിരീകരിച്ചത്. തുടർന്ന് തവിഞ്ഞാൽ, കണിയാരം എന്നിവിടങ്ങളിലെ വിവിധ ഫാമുകളിലെ 469 പന്നികളെയാണ് കൊന്നൊടുക്കിയത്. രോഗപ്രതിരോധ നടപടികൾക്കിടെയാണ് സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.