പുതുപാഠ പിറവി: 590 ദിനങ്ങൾക്കൊടുവിൽ, ഇന്ന് വിദ്യാർഥികൾ സ്കൂളിലേക്ക്...
text_fieldsതിരുവനന്തപുരം: ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും കുട്ടികളെത്തുന്നു. ലോകത്തെ നിശ്ചലമാക്കിയ മഹാമാരിയിൽ താഴുവീണ പള്ളിക്കൂടങ്ങളിൽ വീണ്ടും എത്താനുള്ള കുട്ടികളുടെ കാത്തിരിപ്പിന് 590 ദിനങ്ങൾക്കൊടുവിൽ വിരാമം.
പിരിഞ്ഞിരുന്ന സഹപാഠികളെയും അധ്യാപകരെയും കൺനിറയെ കാണാനും മാറിയ കാലമറിഞ്ഞുള്ള പഠനാനുഭവങ്ങളിലേക്കും അവർ വീണ്ടുമെത്തുന്നു. അകലം പാലിച്ചും അടുപ്പമാകാം എന്ന കോവിഡ്കാല പാഠങ്ങൾ ഒാർത്തുവെച്ച് വീണ്ടും അക്ഷരമുറ്റങ്ങൾക്ക് ജീവൻ പകരും. മാസ്കണിഞ്ഞും കൈകൾ ശുചീകരിച്ചും അകലം പാലിച്ചും പുതിയ സ്കൂൾ അനുഭവങ്ങളിലേക്കാണ് കുട്ടികളെത്തുന്നത്. ശുചീകരണവും അണുനശീകരണവും ഉൾപ്പെടെ ഒരു മാസത്തോളം നീണ്ട ഒരുക്കം പൂർത്തിയാക്കിയാണ് സ്കൂളുകൾ തുറക്കുന്നത്. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 10, പ്ലസ് ടു ക്ലാസുകളുമാണ് തിങ്കളാഴ്ച തുടങ്ങുന്നത്. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15ന് ആരംഭിക്കും.
ഒന്നാം ക്ലാസിലെ 3,43,648 നവാഗതർ ഉൾപ്പെടെ ആദ്യഘട്ടത്തിൽ 34 ലക്ഷത്തോളം വിദ്യാർഥികളായിരിക്കും സംസ്ഥാന സിലബസിലുള്ള വിദ്യാലയങ്ങളിൽ എത്തുക. രണ്ടാം ക്ലാസിലെ 3.4 ലക്ഷം കുട്ടികൾക്കും കഴിഞ്ഞ വർഷം സ്കൂൾ തുറക്കാത്തതിനാൽ തിങ്കളാഴ്ച ആദ്യ സ്കൂൾ ദിനമായിരിക്കും.
ബാച്ചുകളായി തിരിച്ചുള്ള അധ്യയന രീതിയായതിനാൽ ആദ്യദിനം എല്ലാവരും എത്തില്ല. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്കൂളുകൾ കൂടി പരിഗണിക്കുേമ്പാൾ ആദ്യഘട്ടത്തിൽ 40 ലക്ഷത്തോളം പേരായിരിക്കും എത്തുക. സർക്കാറിെൻറ പൊതുമാർഗരേഖ അനുസരിച്ചായിരിക്കും സ്കൂളുകളുടെ പ്രവർത്തനം. ആദ്യ രണ്ടാഴ്ച ഒൗപചാരിക പഠനത്തിനു പകരം കുട്ടികളിലെ പഠന വിടവ് കണ്ടെത്താനും പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനും പര്യാപ്തമായ പ്രവർത്തനങ്ങളായിരിക്കും.
സംസ്ഥാന, ജില്ല, സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യു.പി.എസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമല്ല. ആദ്യ രണ്ടാഴ്ച ഹാജർ എടുക്കില്ല. സാമൂഹിക അകലം ഉറപ്പാക്കാൻ കുട്ടികളെ ആറു മുതൽ 10 വരെ പേരുള്ള ഗ്രൂപ്പുകളാക്കി ബയോബബ്ൾ സമ്പ്രദായം നടപ്പാക്കും.
സുരക്ഷിതമായ വിദ്യാലയ പ്രവർത്തനം വേണം-മുഖ്യമന്ത്രി
തിരുവനന്തപുരം: സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഇതിന് അനിവാര്യമാണ്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയാറാക്കിയ മാർഗരേഖ കർശനമായി പാലിക്കണം.
ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിച്ച് സുരക്ഷാവലയം തീർക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കൽ നാടിെൻറ ഉത്സവം-മന്ത്രി
കൊല്ലം: കക്ഷി രാഷ്ട്രീയത്തിനതീതമായി സ്കൂൾ തുറക്കൽ നാട് ഉത്സവമായി ഏറ്റെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ചരിത്ര നിമിഷത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. കുട്ടികളെ സ്കൂളില്‍ വിടുന്നതിൽ രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും വേണ്ട. എല്ലാ ഉത്തരവാദിത്തവും സര്‍ക്കാറിനാണ്.
പ്രളയ ബാധിത മേഖലകളിലെ ഒഴികെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. മാനസിക ഉല്ലാസം പകരുന്ന കാര്യങ്ങളാണ് ആദ്യം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.